ചെന്നൈ- ആരോഗ്യ സംരക്ഷണത്തെ കുറിച്ച് അവബോധമുണ്ടാകുമ്പോഴാണ് ആളുകള്‍ ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നതിനെ കുറിച്ചു ചിന്തിക്കാറ്. എന്നാല്‍ വ്യായാമക്കുറവിനെ കുറിച്ച് വേവലാതിയുള്ളവര്‍ ഇനി ജിമ്മിലൊന്നും പോകേണ്ട കാര്യമില്ലെന്നാണ് പുതിയ പഠനം. ദിവസം അര മണിക്കൂറെങ്കിലും മേലനങ്ങിയാല്‍ ഹൃദ്യോഗ സാധ്യത 20 ശതമാനം വരെയും അതുമൂലമുള്ള മരണ സാധ്യത 28 ശതമാനവും കുറക്കാമെന്നാണ് പ്രമുഖ വൈദ്യശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണമായ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്. ഇതിനായി ജിമ്മിലൊന്നും പേകേണ്ട. വീട്ടു ജോലികള്‍ തന്നെ ധാരാളം.
വസ്ത്രങ്ങള്‍ അലക്കിയും പാത്രങ്ങള്‍ കഴുകിയും നിലം തുടച്ചു വൃത്തിയാക്കിയും മേലനങ്ങിയാല്‍ തന്നെ മതിയെന്നാണ് ഇന്ത്യയുള്‍പ്പെടെ 17 രാജ്യങ്ങളിലായി 1.30 ലക്ഷം പേര്‍ക്കിടയില്‍ വര്‍ഷങ്ങളെടുത്തു നടത്തിയ ഈ പഠനം പറയുന്നത്. ഹൃദയാരോഗ്യ സംരക്ഷണത്തിന് ആഴ്ചയില്‍ 150 മിനുറ്റ് വ്യായാമം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശ പ്രകാരം വീട്ടുജോലികളും മറ്റു പ്രവര്‍ത്തികളും ചെയ്താല്‍ തന്നെ വ്യായാമത്തിന്റെ ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍.
ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും അര മണിക്കൂര്‍ വീതം ജിമ്മിലോ, ജോലിക്കു കാല്‍നടയായി പോയോ വീട്ടു ജോലികള്‍ ചെയ്‌തോ ശാരീരിക വ്യായാം ചെയ്തല്‍ ഹൃദ്രോഗ സാധ്യത കുറക്കാം. ഇതു വഴി 20 കേസുകളില്‍ ഒന്ന് എന്ന തോതില്‍ രോഗസാധ്യത ഇല്ലാതാക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ സ്‌കോട്ട് ലിയര്‍ പറയുന്നു. പ്രവര്‍ത്തികളില്‍ സജീവമായിരിക്കുക എന്നത് ഹൃദ്രോഗ സാധ്യതയെ കുറക്കുന്നതാണ്. നിത്യജീവിതത്തിലെ ഏതു പ്രവര്‍ത്തികളിലൂടെയും ഹൃദയാരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ഈ സജീവത നിലനിര്‍ത്താനാകുമെന്നാണ് കണ്ടെത്തല്‍.