ന്യൂദല്‍ഹി- ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത വിളനാശമുണ്ടാക്കിയ വെട്ടുകിളികള്‍ വിമാനങ്ങളുടെ ലാന്‍ഡിംഗിനും ടേക്കോഫിനും ഭീഷണി ഉയര്‍ത്തുമെന്ന്് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) മുന്നറിയിപ്പ് നല്കി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വെട്ടുകിളി ആക്രമണമാണ് പല സംസ്ഥാനങ്ങളും നേരിടേണ്ടിവരുന്നത്.
വെട്ടുകിളികള്‍ക്ക് ഇടയിലൂടെ പറക്കുന്നതിലൂടെ വിമാനത്തിന്റെ സെന്‍സറുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും തകരാര്‍ സംഭവിച്ചേക്കാം. പെലറ്റിന് തെറ്റായ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് ഇടയാക്കും. അവ കൂട്ടമായി വിന്‍ഡ് ഷീല്‍ഡില്‍ പറ്റിപ്പിടിച്ചാല്‍ പൈലറ്റിന്റെ കാഴ്ച തടസപ്പെടും. ലാന്‍ഡിംഗ്, ടേക്കോഫ് എന്നിവക്കിടയില്‍ ഇത് കടുത്ത ആശങ്ക സൃഷ്ടിക്കും.
മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വെട്ടുകിളികള്‍ 50,000 ഹെക്ടറിലേറെ വരുന്ന കൃഷിയിടങ്ങളില്‍ കനത്ത വിളനാശം വരുത്തിക്കഴിഞ്ഞു. ലോക്ഡൗണ്‍മൂലം ദുരിതം നേരിടുന്ന കര്‍ഷകര്‍ക്ക് കടുത്ത വെല്ലുവിളിയാണ് വെട്ടുകിളി ആക്രമണം ഉയര്‍ത്തുന്നത്. ഡ്രോണുകള്‍ അടക്കമുള്ളവ ഉപയോഗിച്ച് കീടനാശിനി തളിച്ച് വെട്ടുകിളി ആക്രമണത്തിന് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് വിവിധ സംസ്ഥാനങ്ങള്‍. പാക്കിസ്ഥാനിലും വെട്ടുകിളികള്‍ രൂക്ഷമായ ഭീഷണി ഉയര്‍ത്തുന്നു.