ജയ്പൂര്‍- ലൈംഗിക പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ മറ്റൊരു ആള്‍ദൈവം കൂടി പീഡനക്കേസില്‍ കുടുങ്ങി. രാജസ്ഥാനിലെ ആല്‍വാറില്‍ ആശ്രമം നടത്തുന്ന 70 കരാനായ സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജിനെതിരെയാണ് കഴിഞ്ഞ ദിവസം പോലീസ് സ്ത്രീ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഛത്തീസ്ഗഡ് സ്വദേശിയായ 21-കാരിയുടെ പരാതിയെ തുടര്‍ന്ന് സ്വാമിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയെങ്കിലും ഇയാള്‍ ആശുപത്രിയില്‍ ചകിത്സക്കെന്നു പറഞ്ഞു അഭയം തേടുകയായിരുന്നു. അറസ്റ്റ് ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.
സ്വാമിയുടെ ദിവ്യധാം ആശ്രമത്തില്‍ കഴിഞ്ഞ മാസം ഏഴിനാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. നിയമ വിദ്യാര്‍ത്ഥിയായ യുവതിക്ക് പരിശീലനകാലത്ത് ലഭിച്ച 3000 രൂപ പ്രതിഫലം സ്വാമിയ്ക്കു സമര്‍പ്പിക്കുന്നതിനായി ആശ്രമത്തിലെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത്. ഇവിടെ എത്തിയ ദിവസം സ്വാമി ആരേയും കാണുന്നില്ലെന്നും ഇവിടെ തങ്ങി അടുത്ത ദിവസം കാണാമെന്നും അറിയിച്ചു. തുടര്‍ന്ന് വൈകുന്നേരം മുറിയിലേക്കു വിളിച്ചു വരുത്തിയാണ് സ്വാമി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
15 വര്‍ഷമായി യുവതിയുടെ മാതാപിതാക്കള്‍ സ്വാമിയുടെ അനുയായികളാണ്. ഇവരുടെ വീട്ടിലും പലതവണ സ്വാമി വന്നിട്ടുണ്ട്. ദല്‍ഹിയില്‍ പരിശീലനത്തിന് അവസരമൊരുക്കി കൊടുത്തതും സ്വാമിയാണ്. എന്നാല്‍ പീഡനം നടന്നതോടെ യുവതിയു മാതാപിതാക്കളും പരാതിയുമായി ഛത്തീസ്ഗഡ് പോലീസ് മേധാവിയെ നേരിട്ട് കാണുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കേസ് രാജസ്ഥാന്‍ പോലീസിനു കൈമാറി.
കേസെടുത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ ആശ്രമം സ്ഥിതി ചെയ്യുന്ന ആല്‍വാറിലെ ആരവലി വിഹാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയെന്ന് അറിഞ്ഞതോടെ 'കുടത്ത രക്ഷസമ്മര്‍ദ്ദ'ത്തിനു ചികിത്സ തേടി സ്വാമി ആശുപത്രിയിലേക്കു പോകുകയായിരുന്നു.