അമേരിക്കയോട് മത്സരിക്കാൻ ചൈനയുടെ കൂടുതൽ ബഹിരാകാശ പദ്ധതികൾ അണിയറയിൽ
ചുവപ്പൻ ഗ്രഹത്തിൽ വിദൂര നിയന്ത്രിത റോബോട്ടിനെ ഇറക്കുന്നതടക്കമുള്ള ചൈനയുടെ ചൊവ്വാ ദൗത്യം ജൂലെയിൽ. ആഗോള വൻശക്തിയെന്ന പദവി നിലനിർത്താനും അമേരിക്കയോട് കിടപിടിക്കാനും ബില്യൺ കണക്കിന് ഡോളറാണ് ചൈന ബഹിരാകാശ പദ്ധതിയിൽ മുതൽ മുടക്കിയിരിക്കുന്നത്.
പുതുതായി ആരംഭിച്ചിരിക്കുന്ന ബഹിരാകാശ പദ്ധതികളിൽ ചൊവ്വാ ദൗത്യത്തിനു പുറമെ, ചൈനീസ് ബഹിരാകാശ യാത്രികരെ ചന്ദ്രനിലെത്തിക്കാനും 2022 ഓടെ ബഹിരാകാശ നിലയം സ്ഥാപിക്കാനുമുള്ള പദ്ധതികളും ഉൾപ്പെടുന്നു.
ചൊവ്വാ ദൗത്യം ഈ വർഷം നടത്തുമെന്ന് ചൈന നേരത്തെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ജൂലൈയിൽതന്നെ ഉണ്ടാകുമെന്ന് ചൈന എയറോസ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജി കോർപറേഷനാണ് (സി.എ.എസ് സി-കാസ്‌ക്) സ്ഥിരീകരിച്ചത്. വൻ പദ്ധതി നിശ്ചയിച്ചതു പോലെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും ജൂലൈയിൽ വിക്ഷേപിക്കുമെന്നും കാസ്‌ക് അറിയിച്ചു. ചൈനയുടെ ബഹിരാകാശ പദ്ധതികളുടെ പ്രധാന കരാറുകാരാണ് കാസ്‌ക്.
ചൊവ്വാ പര്യവേക്ഷണത്തിന്റെ ഭാഗമായി റോബോട്ടിക് റോവറിനെ ചുവപ്പൻ ഗ്രഹത്തിൽ ഇറക്കുകയാണ് ടിയാൻവെൻ ദൗത്യത്തന്റെ ലക്ഷ്യം. ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള 55 ദശലക്ഷം കിലോമീറ്റർ പൂർത്തിയാക്കാൻ നിരവധി മാസങ്ങളെടുക്കും.
ചന്ദ്രനിലേക്ക് നേരത്തെ ചൈന സമാന ദൗത്യം നടത്തിയിരുന്നു. 2019 ലാണ് ചന്ദ്രന്റെ ഉരുണ്ട ഉപരിതലത്തിൽ ചെറിയ റോവർ ഇറങ്ങിയത്. അമേരിക്ക ഇതിനകം ചൊവ്വയിലേക്ക് നാല് പര്യവേക്ഷണ വാഹനങ്ങൾ അയച്ചിട്ടുണ്ട്. അഞ്ചാമത്തേത് 2021 ഫെബ്രുവരിയിൽ ചന്ദ്രനിലിറങ്ങും. ആദ്യ അറബ് പര്യവേഷണ ദൗത്യവുമായി യു.എ.ഇയും രംഗത്തുണ്ട്. ജൂലൈ 15 നാണ് ജപ്പാനിൽനിന്ന് യു.എ.ഇയുടെ ദൗത്യത്തിനു തുടക്കം കുറിക്കുക.