ലണ്ടന്‍-കൊറോണ വില്ലനാകുമെന്നു മനസിലാക്കി, നിശ്ചയിച്ചുറപ്പിച്ച വിവാഹ ചടങ്ങ് ഉപേക്ഷിച്ച നഴ്‌സും ഡോക്ടറും ജോലി ചെയ്യുന്ന ആശുപത്രിയില്‍ വിവാഹിതരായി. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ലിസ്റ്റഡ് ചാപ്പലില്‍ വച്ചാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡുകാരിയായ ജാന്‍ ടിപ്പിംഗ് (34), ശ്രീലങ്കക്കാരന്‍ അന്നലന്‍ നവരത്‌നം (30) എന്നിവര്‍ വിവാഹിതരായത്.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങു ഒഴിവാക്കിയാണ് ഇരുവരും തങ്ങള്‍ ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന ആശുപത്രി വിവാഹ വേദിയാക്കി മാറ്റിയത്. സാക്ഷികളില്‍ ഒരാള്‍ ആശുപത്രി ചാപ്പലിലെ വിവഹം മൊബൈലില്‍ പകര്‍ത്തി തത്സമയം കാണിച്ചതിനാല്‍ ഇരുവരുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ദൂരെയിരുന്നു അത് കാണുവാന്‍ കഴിഞ്ഞു. തങ്ങളുടെ കുടുംബങ്ങള്‍ക്ക് വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഓഗസ്റ്റിലെ വിവാഹം ടിപ്പിംഗും നവരത്‌നവും റദ്ദാക്കിയത്. മാത്രമല്ല ഇരുവരും ഡ്യൂട്ടിയിലും ആണ്. ദക്ഷിണ ലണ്ടനിലെ ടള്‍സ് ഹില്ലിലുള്ള ദമ്പതികള്‍ വിവാഹം ഡ്യൂട്ടി സ്ഥലത്തു സ്വകാര്യ വിവാഹ ചടങ്ങാക്കി മാറ്റുകയായിരുന്നു.