നാല് പതിറ്റാണ്ടായി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ നടന വിസ്മയം മോഹൻലാലിന്റെ 60-ാം പിറന്നാൾ ആരാധകർ മാത്രമല്ല, ഇന്ത്യൻ സിനിമാലോകം മുഴുവൻ ആഘോഷമാക്കിയിരുന്നു. ലോക്ഡൗൺ ആയതിനാൽ വിപുലമായ ആഘോഷ ചടങ്ങുകൾ ഇല്ലായിരുന്നുവെങ്കിലും, ബോളിവുഡ് മുതൽ ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരും, രാഷ്ട്രീയ നേതാക്കളും, സംസ്‌കാരിക നായകരുമെല്ലാം കംപ്ലീറ്റ് ആക്ടർക്ക് സോഷ്യൽ മീഡിയയിലൂടെ ജന്മദിനാശംസ നേർന്നു.
ഇതിനു പിന്നാലെ തന്റെ പ്രഥമ സംവിധാന സംരംഭമായ ബറോസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. കോവിഡ് ആശങ്ക ഒഴിഞ്ഞശേഷം നിർമാണം ആരംഭിക്കുമെന്നാണ് അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞത്.
കഴിഞ്ഞ വർഷമാണ് താൻ ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. ഒരു ഫാന്റസി ത്രീഡി ചിത്രമാണ് ബറോസ് എന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മോഹൻലാൽ തന്നെയാണ് ടൈറ്റിൽ കഥാപാത്രമായ ബറോസിന് ജീവൻ പകരുന്നത്.
നവോദയ ജിജോ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ട് ജൂണിൽ ആരംഭിക്കാനിരുന്നതാണെന്നും അപ്പോഴാണ് കോവിഡ് മഹാമാരി എല്ലാത്തിനും തടസ്സമായി വന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഏകദേശം പൂർത്തിയായി. എന്നാൽ അഭിനേതാക്കളിൽ അധികവും അമേരിക്ക, സ്പെയിൻ, പോർച്ചുഗൽ, ആഫ്രിക്ക രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരായതിനാൽ ഇന്നത്തെ സാഹചര്യത്തിൽ അവർക്കെല്ലാം എത്തിച്ചേരാനാവില്ല. അതുകൊണ്ടു തന്നെ കോവിഡ് 19 ഭീഷണി ഒഴിഞ്ഞ ശേഷം ഈ വർഷം അവസാനമോ അടുത്ത വർഷമോ ബറോസ് ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ബറോസിന് മുമ്പ് രണ്ടു മലയാള ചിത്രങ്ങൾ താൻ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ നീട്ടി വളർത്തിയിരിക്കുന്ന താടി ബറോസിന് വേണ്ടിയുള്ളതല്ലെന്നും അതിന്റെ സമയമാവുമ്പോൾ ഇതിലും നീളമുള്ള താടിയാണ് വളർത്താൻ പോകുന്നതെന്നും മോഹൻലാൽ പറഞ്ഞു.