നിരൂപക പ്രശംസ നേടിയ എസ്. ദുർഗ, ചോല എന്നീ ചിത്രങ്ങളുടെ സംവിധായകനായ സനൽ കുമാർ ശശിധരൻ മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന ചിത്രമാണ് 'കയറ്റം'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫോസ്റ്റർ മഞ്ജു വാര്യർ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു.
അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തിൽ വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും അഭിനയിക്കുന്നു. അഹർസംസ എന്ന ഭാഷയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.
ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ 'അഹർ' ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റിൽ. അഹർ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലം. എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്ന ഹിമാലയൻ ട്രെക്കിംഗ് സൈറ്റുകളിൽ ഓൺ ദ സ്പോട്ട് ഇംപ്രൊവൈസേഷൻ ആയിട്ടാണ് ചിട്ടപ്പെടുത്തിയത് എന്ന പ്രത്യേകതയുമുണ്ട്.