സിബി മലയിൽ സംവിധാനം ചെയ്ത 'ഇഷ്ടം' എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായ അഞ്ജനയെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നവ്യാ നായർ എട്ടു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും അഭിനയരംഗത്തേയ്ക്ക്. സൂപ്പർ ഹിറ്റായ ദൃശ്യത്തിന്റെ കന്നഡ പതിപ്പിലൂടെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയ നവ്യ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തി' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ തിരിച്ചെത്തുന്നത്. ഒരു സാധാരണ വീട്ടമ്മയായ രാധാമണിയുടെ ജീവിതത്തിൽ അവിചാരിതമായി വന്നുപെടുന്ന സംഭവങ്ങളും അവയെ അതിജീവിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു സ്ത്രീയുടെ ജീവിതത്തിലെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഒരുത്തി.
ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എറണാകുളം-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറായ രാധാമണിക്ക് രണ്ടു മക്കളുണ്ട്. ഭർത്താവ് വിദേശത്ത് ജോലി നോക്കുന്നു. ആർഭാടമോ അമിതമോഹങ്ങളോ ഒന്നുമില്ലാതെ സന്തോഷകരമായ ജീവിതം നയിക്കുന്ന രാധാമണിക്ക് അവിചാരിതമായി നേരിടേണ്ടിവന്ന ദുരന്തങ്ങളാണ് ജീവിതത്തിന്റെ താളംതെറ്റിച്ചത്. ഒരു സാധാരണ സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത പ്രതിസന്ധിയായിരുന്നിട്ടും അവൾ അതിനെ സാഹസികമായി നേരിടുകയായിരുന്നു. ദുരവസ്ഥകളെ നേരിട്ട് ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു രാധാമണി. അഭിനയജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രം കൂടിയായിരുന്നു രാധാമണിയെന്ന് നവ്യ പറയുന്നു.
നീണ്ട ഇടവേളയ്ക്കുശേഷം ശക്തമായ ഒരു കഥാപാത്രത്തിലൂടെയുള്ള തിരിച്ചുവരവ് ഏറെ സന്തോഷമുണ്ടാക്കുന്നു. അഭിനയസാധ്യതയുള്ള ശക്തമായ കഥാപാത്രമാണ് രാധാമണിയുടേത്. ഭർത്താവായി വേഷമിടുന്നത് സൈജു കുറുപ്പാണ്. കൂടാതെ സബ് ഇൻസ്‌പെക്ടറായി വിനായകനും എത്തുന്നുണ്ട്. ആക്ഷനും കോമഡിയുമെല്ലാമുള്ള ഈ ചിത്രത്തിൽ രണ്ടു പാട്ടുകളുമുണ്ട്. വൈപ്പിനിലെ സംസാരരീതിയും കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ സംഭവങ്ങളുമെല്ലാം ചിത്രത്തിന് വിഷയമാകുന്നുണ്ട്.
ആലപ്പുഴയിലെ വീട്ടിൽ മാതാപിതാക്കൾക്കും, മകനുമൊപ്പം കഴിയുകയാണ് നവ്യാ നായർ. ചിത്രീകരണത്തിനായി മുംബൈയിൽനിന്നും കേരളത്തിലെത്തിയതായിരുന്നു. ഒരുത്തിയുടെ ചിത്രീകരണം പൂർത്തിയായി മടങ്ങാനൊരുങ്ങുമ്പോഴാണ് ലോക്ഡൗൺ എത്തിയത്. ചിത്രീകരണത്തിനുശേഷം ഡബ്ബിംഗും കഴിഞ്ഞാണ് മടങ്ങാൻ തീരുമാനിച്ചത്. ചിത്രത്തിൽ രാധാമണിയുടെ മകന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത് മകൻ സായ്കൃഷ്ണയായിരുന്നു. അമ്മയോടൊപ്പം മകനും സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്.
സിനിമയിൽ വന്നശേഷം ഇത്രയധികം ദിവസങ്ങൾ വീട്ടിലിരിക്കുന്നത് ആദ്യമായാണ്. എങ്കിലും വെറുതെയിരുന്ന് സമയം കളയാനില്ല. രാവിലെ കുറേ നടക്കും. വീട്ടുജോലികൾ ചെയ്യും. വീട്ടിലെ സാധനങ്ങളെല്ലാം കൃത്യമായി അടുക്കിവയ്ക്കും. സിനിമകൾ കാണും. മകനും സിനിമകൾ ഇഷ്ടമാണ്. പല സിനിമകളും അവനോടൊപ്പമാണ് കാണുന്നത്. കൂടാതെ നൃത്ത പരിശീലനത്തിനും കൂടുതൽ സമയം കണ്ടെത്തുന്നു. കൂട്ടത്തിൽ വായനയും കൃഷിപരിപാലനവുമുണ്ട്. കുറേ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നന്നായി ഉറങ്ങുന്നുണ്ട്. പിന്നീട് കാണാമെന്നു കരുതി മാറ്റിവച്ച പല സിനിമകളും കണ്ടുകഴിഞ്ഞു. എങ്കിലും ഒരു ദുഃഖം ബാക്കിയുണ്ട്. സന്തോഷേട്ടൻ ഇപ്പോഴും മുംബൈയിലാണുള്ളത്. അവിടെ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. സാധനങ്ങൾ ഓർഡർ ചെയ്താൽ എത്തിച്ചുകൊടുക്കും.
വെക്കേഷനിൽ ഒരുപാട് യാത്രകൾ പ്ലാൻ ചെയ്തിരുന്നു. അതെല്ലാം വെള്ളത്തിലായെന്ന് യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന നവ്യ പറയുന്നു. തിയേറ്ററിൽ പോയി സിനിമ കാണുന്ന ശീലം ഇല്ലാതെയായി. മാത്രമല്ല, ഗുരുവായൂർ ദർശനവും നടക്കാതായി. ഇനിയെല്ലാം പഴയപടിയാകാൻ സമയമെടുക്കും. ജീവിതം എത്ര അനിശ്ചിതമാണെന്ന് ഈ ലോക്ഡൗൺ പഠിപ്പിച്ചുതന്നു.
എട്ടു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയപ്പോൾ ടെൻഷനുണ്ടായിരുന്നു. അഭിനയം മറന്നുപോയോ എന്നുപോലും ചിന്തിച്ചു. ഇതിനിടയിൽ അവതാരകയുടെ വേഷത്തിലുമെത്തിയിരുന്നു. എന്നാൽ ആ മേഖലയോട് വലിയ പ്രതിപത്തിയില്ല. പലരും നന്നായെന്ന് പറഞ്ഞെങ്കിലും എനിക്ക് ആത്മവിശ്വാസം നൽകിയിട്ടില്ല. എന്നാൽ സിനിമ അങ്ങനെയല്ല, അഭിനയം ഒരു സമർപ്പണമാണ്. അത് നൽകുന്ന സന്തോഷവും ഏറെയാണ്.
വി.കെ.പിയുടെ മാജിക് എല്ലാവർക്കും അറിയാം. പുനരധിവാസവും ബ്യൂട്ടിഫുളുമെല്ലാം ആർക്കാണ് ഇഷ്ടമാകാത്തത്. കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന സംവിധായകനാണ് അദ്ദേഹം. ഒരുത്തിയിലേയ്ക്ക് ക്ഷണിച്ചപ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. ആത്മവിശ്വാസമില്ലാത്തതുപോലെ. എന്നാൽ, ആദ്യദിവസത്തെ ചിത്രീകരണം കഴിഞ്ഞതോടെ സംഗതി മാറി. ഓരോ സീനും കഴിയുമ്പോൾ അദ്ദേഹം ഓകെ പറയുമ്പോൾ ആത്മവിശ്വാസം വർദ്ധിച്ചു. സംവിധായകന്റെ ബോധ്യമാണ് പ്രധാനം. നല്ലതിനെ പ്രശംസിക്കാൻ മടിയില്ലാത്ത സംവിധായകനാണ് വി.കെ.പി. അത് ഒരു കലാകാരന് നൽകുന്ന പ്രചോദനം ചെറുതല്ല.
ഒരുത്തിയിലേയ്ക്ക് ആകർഷിച്ചത് ജീവിതഗന്ധിയായ ഒരു കഥയായതുകൊണ്ടാണ്. തുടർച്ചയായി മൂന്നു ദിവസം അവിചാരിതമായ സംഭവങ്ങൾ ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കുന്നതാണ് ഈ സിനിമയിൽ വരച്ചുകാണിക്കുന്നത്. സാധാരണക്കാരിയായ ഏതൊരു വീട്ടമ്മയുമായും എന്റെ കഥാപാത്രത്തെ ബന്ധപ്പെടുത്താനാവും.
ചിത്രത്തിനുവേണ്ടി സ്‌കൂട്ടർ ഓടിക്കാൻ പഠിച്ചു. നീന്തൽ അറിയാമായിരുന്നെങ്കിലും വീണ്ടും പരിശീലിച്ചു. ശരീരഭാരം കുറച്ചു. ഏതു സിനിമയായാലും ഹോംവർക്ക് ചെയ്യുമായിരുന്നു. കൂടാതെ കഴിയുന്നത്ര മലയാളം സിനിമകൾ കാണാറുണ്ട്. ഓരോരുത്തരുടെയും അഭിനയരീതി ശ്രദ്ധിക്കാറുമുണ്ട്. ഒരു കഥാപാത്രമായി മാറിക്കഴിഞ്ഞാൽ പിന്നീട് അതായിത്തീരാറാണ് പതിവ്. അതുകൊണ്ട് കൂടുതൽ ചിന്തിക്കേണ്ടിവരാറില്ല.
അമ്മയാണ് എന്റെ റോൾ മോഡൽ. ഭാര്യയായും അമ്മയായും ഉദ്യോഗസ്ഥയുമായുമെല്ലാം അവരുടെ ജീവിതം ഭംഗിയായി ചെയ്യുന്നതുകാണുമ്പോൾ എന്റെ ജീവിതം ഒന്നുമല്ലെന്നു തോന്നിയിട്ടുണ്ട്. ഓരോ വേഷത്തിനും അതിന്റേതായ ഉത്തരവാദിത്തമുണ്ട്. സിനിമ എന്നു പറയുന്നത് സ്വന്തം കുടുംബത്തെ ലൊക്കേഷനിൽ കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടില്ലാത്ത ഇടമാണ്. ഓരോ സിനിമ കഴിയുമ്പോഴും ആവശ്യമെങ്കിൽ ഇടവേളയെടുക്കാനാവുന്ന സാധ്യതയും സിനിമയിലുണ്ട്.
തമിഴിലും കന്നഡയിലുമെല്ലാം മുമ്പ് വേഷമിട്ടിട്ടുണ്ട്. ഒരുത്തിയുടെ ചിത്രീകരണത്തിനിടയിൽ ഒരു തമിഴ് ചിത്രത്തിലേയ്ക്കുള്ള ഓഫർ ലഭിച്ചിരുന്നു. എന്നാൽ ഡേറ്റ് ക്ലാഷ് ചെയ്യുന്നതുകൊണ്ട് ഒഴിവാക്കുകയായിരുന്നു. മനസ്സിന് ഇഷ്ടപ്പെട്ട നല്ല കഥ വന്നാൽ ഇനിയും അന്യഭാഷകളിൽ വേഷമിടാൻ മടിയില്ല.
നൃത്തമാണ് എന്റെ പാഷൻ. ഇപ്പോഴും ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. ഈയിടെ ഒരു ഡാൻസ് വീഡിയോ ചെയ്തിരുന്നു. അതിനായി ഒരു യുട്യൂബ് ചാനലും ഒരുക്കി. 'ചിന്നഞ്ചിരുകിളിയേ' എന്ന നൃത്താവിഷ്‌കാരമായിരുന്നു അവതരിപ്പിച്ചത്. ശാസ്ത്രീയമായ നൃത്താവിഷ്‌കാരം ഒരു അഭിനേത്രി എന്ന നിലയിൽ അവതരിപ്പിച്ചെങ്കിലും ശ്രോതാക്കളെ ലഭിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നായിരുന്നു പലരും പറഞ്ഞത്. എന്നാൽ എന്റെ നൃത്ത വീഡിയോയ്ക്ക് ലഭിച്ച സ്വീകരണം വളരെ വലുതായിരുന്നു. സ്വന്തമായി ഒരു ഡാൻസ് സ്‌കൂൾ എന്നൊരു മോഹവും മനസ്സിലുണ്ട്.
രണ്ടു പതിറ്റാണ്ടുനീണ്ട അഭിനയയാത്ര. ഇതിനിടയിൽ ഒട്ടേറെ നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന അവാർഡുകൾപോലുള്ള നിരവധി അംഗീകാരങ്ങൾ. പിന്നീട് വിവാഹം, കുടുബം. ജീവിതം എന്നും ഒരു വിസ്മയമായിരുന്നു. അഭിനയ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ നന്ദനത്തിലെ ബാലാമണിയാണ് ഇന്നും ഇഷ്ടപ്പെട്ട വേഷം. എത്ര വർഷം കഴിഞ്ഞാലും ആ കഥാപാത്രം എന്നെ പിന്തുടർന്നുകൊണ്ടേയിരിക്കും. ഇപ്പോഴും ആ സിനിമ ആളുകളുടെ മനസ്സിലുണ്ട്. എവിടെ പോയാലും ബാലാമണിയെ എന്നുവിളിച്ച് പ്രേക്ഷകർ ഒപ്പം കൂടാറുണ്ട്. ദൈവാനുഗ്രഹം എന്നല്ലാതെ എന്തുപറയാൻ.