പട്‌ന- ബിഹാറില്‍ മതേതര കക്ഷികളുടെ വിശാല സഖ്യം പൊളിച്ച് എന്‍ഡിഎ മുന്നണിയിലേക്ക് ചേക്കേറിയത് മുഖ്യമന്ത്രി പദം നിലനിര്‍ത്താന്‍ നിതീഷ് കുമാറിനെ സഹായിച്ചെങ്കിലും അദ്ദേഹത്തിന്റെ ചെലവില്‍ ബിജെപി വന്‍ കുതിപ്പിനൊരുങ്ങുന്നു. എന്‍ഡിഎയിലേക്ക് ചേക്കേറിയതോടെ പിളര്‍ന്ന നിതീഷിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുനൈറ്റഡിന് (ജെഡിയു) ബിഹാറിലെ ആധിപത്യം നഷ്ടപ്പെടുന്ന തലത്തിലേക്കാണ് കഴിഞ്ഞ രണ്ടുമാസമായി കാര്യങ്ങളുടെ പോക്ക്. 2019-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കരുനീക്കങ്ങളാണ് ബിജെപി നടത്തുന്നത്.
ബൂത്ത് തലം തൊട്ടുള്ള സംഘടനാ സംവിധാനം ശക്തിപ്പെടുത്തി വരുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്ത മാസം ബിഹാറില്‍ പര്യടനത്തിനെത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് തിരക്കിട്ട നീക്കങ്ങള്‍. നിതീഷിനെ ഇനി കൂടുതല്‍ ആശ്രയിക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ തീരുമാനം. ഒന്നര വര്‍ഷത്തിനു ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തിയില്ലാത്ത പ്രദേശങ്ങളിലടക്കം ബൂത്ത് കമ്മിറ്റികള്‍ രൂപീകരിച്ച് സ്വന്തമായി മുന്നേറ്റമുണ്ടാക്കാനാണ് സംസ്ഥാന ബിജെപി ഘടകത്തിന്റെ തീരുമാനം.
നിതീഷിന്റെ നേതൃത്വത്തില്‍ ജെഡിയു പദയാത്ര നടത്താനിരിക്കുമ്പോള്‍ പാര്‍ട്ടി വക്താവ് രാജീവ് രഞ്ജന്‍ നേതൃത്വം നല്‍കുന്ന കുര്‍മി റാലി സംഘടിപ്പിക്കാനിരിക്കുകയാണ് ബിജെപി. നിതീഷിനോട് ഏറെ അടുപ്പമുള്ളയാളായിരുന്ന രാജീവ് അഭിപ്രായഭിന്നതയെ തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു. കുര്‍മി സമുദായത്തിന്റെ തലതൊട്ടപ്പനായാണ് നിതീഷ് അറിയപ്പെടുന്നത്. പരമ്പരാഗതമായി കുര്‍മികളും കോറികള്‍ക്കൊപ്പം (കുഷ്‌വാഹ സമുദായം) ഒരേ പാര്‍ട്ടിക്കായിരുന്നു വോട്ടു നല്‍കിയിരുന്നത്. ഈ രണ്ടു സമുദായത്തിനും കൂടി 10- 12 ശതമാനം വോട്ട് ഓഹരിയുണ്ട് ബിഹാറില്‍. ഒബിസി വിഭാഗത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗ്രൂപ്പാണീ സമുദായക്കാര്‍. 15 ശതമാനം വോട്ട് ഓഹരിയുള്ള യാദവരാണ് ഒബിസി വിഭാഗത്തില്‍ മുന്നില്‍. യാദവരും 17 ശതമാനം വരുന്ന മുസ്ലിംകളും പരമ്പരാഗതമായി ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാ ദളിനെ (ആര്‍ ജെ ഡി) പിന്തുണച്ചു പോരുന്നു. എന്നാല്‍ 2014-ലെ പൊതുതെരഞ്ഞെടപ്പില്‍ യാദവര്‍ ബിജെപിയെ പിന്തുണച്ചു.
കുര്‍മികളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ ലോക് സമതാ പാർട്ടി നേതാവും കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര കുശ്‌വാഹ ബിജെപിയുടെ സഖ്യകക്ഷി എന്ന നിലയില്‍ തന്റെ സമുദാത്തിന്റെ വോട്ട് 2014-ല്‍ ബിജെപിക്ക് അനുകൂലമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ആദ്യമായാണ് കുര്‍മികളും കോറികളും വ്യത്യസ്ത മുന്നണികള്‍ക്കു വേണ്ടി വോട്ടുചെയ്തത്.
2015-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് ഈ രണ്ടു സമുദായങ്ങളുടെ വോട്ടുകളും തന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനു അനുകൂലമാക്കുന്നതില്‍ വിജയിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഉപേന്ദ്ര കുശ് വാഹയുടെ പാര്‍ട്ടിക്ക് 243 അംഗ ബിഹാര്‍ നിയമസഭയില്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
നിതീഷ് എന്‍ഡിഎ വിട്ട ശേഷം 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമതാ പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നിവരെ കൂട്ടുപിടിച്ച് ബിജെപി 31 സീറ്റുകള്‍ നേടിയപ്പോള്‍ ജെഡിയു രണ്ടു സീറ്റുകളില്‍ ഒതുങ്ങി. എന്നാല്‍ നിതീഷ് വീണ്ടും എന്‍ഡിഎയില്‍ തിരിച്ചെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. പ്രത്യേകിച്ച് ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ അമിത് ഷാ ലക്ഷ്യമിട്ട സാഹചര്യത്തില്‍. ബിഹാറിലെ മുഖ്യകക്ഷി എന്ന നിലയില്‍ 40 ലോക്‌സഭാ സീറ്റുകളില്‍ 25 സീറ്റിലും ജെഡിയു ആണ് മത്സരിച്ചിരുന്നത്. ബിജെപി കൂടുതല്‍ സീറ്റുകല്‍ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ ജെഡിയുവിന് ഇത് എളുപ്പമാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന രാജീവ് രഞ്ജന്റെ കുര്‍മി റാലി നിതീഷിന് തന്റെ സ്വന്തം വോട്ടു ബാങ്ക് നിലനിര്‍ത്തുന്നതില്‍ വലിയ വെല്ലുവിളിയാകും. രാജീവ് രഞ്ജനു പുറമെ ബിജെപി നേതാക്കളും റാലിക്കെത്തും. കുര്‍്മികളുടെ മഹാസമ്മേളനം മുമ്പ് നടന്നത് 1994-ലാണ്. പലയിടത്തും ഭിന്നിച്ചു പോയ സമുദായത്തെ വീണ്ടും ഒന്നിപ്പിക്കേണ്ടതുണ്ടെന്നും തന്റെ പാര്‍ട്ടിക്ക് ഇതുമായി യാതൊരുബന്ധവുമില്ലെന്നും രഞ്ജന്‍ പറയുന്നു.
ബിഹാറില്‍ നിതീഷ് കുമാറിനെയോ ഉപേന്ദ്ര കുശ്‌വാഹയെയോ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി. ബനിയ, വൈശ്യ വിഭാഗത്തിന്റെ വോട്ടുകള്‍ സ്വന്തമാക്കിയ ബിജെപി ഇനി ലക്ഷ്യമിടുന്നത് ഒബിസി വിഭാഗത്തിലെ 12 ശതമാനം വോട്ടിലാണ്. എന്‍ഡിഎയില്‍ തുടരുകയാണെങ്കില്‍ ജെഡിയു 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായി കൊമ്പു കോര്‍ക്കേണ്ടി വന്നേക്കാം. 2019-ല്‍ ബിജെപി 2014-ലെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ അത് നിതീഷിനു ക്ഷീണം ചെയ്യും. ഇത് 2020-ലെ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കാം.
ഇത് മുന്‍കൂട്ടി കണ്ടാണ് ബിജെപി നിതീഷിന്റെ മുന്‍കാല അടുപ്പക്കാരനായ രാജീവ് രഞ്ജനെ മുന്നില്‍ നിര്‍ത്തി നിതീഷിന്റെ വോട്ടു ബാങ്കായ കുര്‍മി സമുദായത്തെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നത്. കുര്‍മി- കുശ്‌വാഹ സമുദായത്തിന് മറ്റൊരു നേതാവ് എന്നത് ഒരിക്കലും നിതീഷ് അംഗീകരിക്കില്ല. എന്നാല്‍ ഈ സമുദായത്തിന്റെ നിര്‍ണായക ശക്തികേന്ദ്രങ്ങളായ നളന്ദ, ബഡ്, ബിഹാര്‍ശരീഫ് എന്നിവിടങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനാണ് രാജീവ് രഞ്ജനെ മുന്‍ നിര്‍ത്തി ബിജെപി ശ്രമിക്കുന്നത്. നിതീഷിനെ സംബന്ധിച്ചിടത്തോളം ഇത് തന്റെ സ്‌കൂള്‍ കാല സുഹൃത്തുമായുള്ള വ്യക്തിപരമായ പോരാട്ടം എന്നതിലും അപ്പുറമാണ്.