ന്യൂദല്‍ഹി- കോവിഡ് ലോക്ഡൗണിനിടെ ദല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ചെയ്തിട്ടില്ലെന്ന് ദല്‍ഹി പോലീസ് ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്ത 916 വിദേശികളെ കോവിഡ് നെഗറ്റീവായിട്ടും മാര്‍ച്ച് 30 മുതല്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ദല്‍ഹി സര്‍ക്കാരിനോടും പോലീസിനോടും വിശദീകരണം തേടിയിരുന്നു. തങ്ങളെ തടവിലിട്ടതിനെതിരെ 20 വിദേശികളാണ് ഹരജി സമര്‍പ്പിച്ചത്.
തബ് ലീഗുകാര്‍ക്കെതിരായ അന്വേഷണം തുടരുകയാണെന്നും ബന്ധപ്പെട്ട വിചാരണ കോടതി മുമ്പാകെ ഒരാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും ദല്‍ഹി സര്‍ക്കാറിനു വേണ്ടി ഹാജരായ രാഹുല്‍ മെഹ്‌റയും ചൈതന്യ ഗോസായിനും ബോധിപ്പിച്ചു.
മര്‍കസില്‍ വലിയ സമ്മേളനം നടത്തുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിന് മര്‍കസ് അധികൃതര്‍ വിലകല്‍പിച്ചില്ലെന്നും പോലീസ് സമര്‍പ്പിച്ച സ്റ്റാറ്റസ്‌കോ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.