ന്യൂദൽഹി- ദൽഹിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കോവിഡ് ബാധിച്ചു മരിച്ചതിൽ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി സഹപ്രവർത്തകർ. രജൗരി ഗാർഡൻ ശിവാജി എൻക്ലേവിൽ താമസിച്ചിരുന്ന പത്തനംതിട്ട കോന്നിക്കടുത്ത് വള്ളിക്കോട് കോട്ടയം സ്വദേശി പാറയിൽ പുത്തൻവീട്ടിൽ അംബിക (48)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം. മോത്തിബാഗ് കൽറ ആശുപത്രിയിലെ നഴ്സായിരുന്നു ഇവർ. ദൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്. കഴിഞ്ഞ പന്ത്രണ്ടു വർഷമായി അംബിക കൽറ ആശുപത്രിയിലാണ് നഴ്സായി ജോലി ചെയ്യുന്നത്. മേയ് 14 മുതൽ അവധിയിലായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വ്യക്തി സുരക്ഷ ഉപകരണങ്ങൾ പുനരുപയോഗിച്ചതുകൊണ്ടാണ് മരിച്ച നേഴ്സ് അംബികയ്ക്ക് കോവിഡ് ബാധയേൽക്കാൻ കാരണമായതെന്നാണ് സഹപ്രവർത്തകർ പറയുന്നു. കോവിഡ് ബാധിച്ച് ദൽഹിയിൽ മരിക്കുന്ന ആദ്യത്തെ നഴ്സാണ് ഇവർ. ഡ്യൂട്ടി സമയത്ത് പി.പി.ഇ കിറ്റുകൾ പുനരുപയോഗിക്കാൻ നിർബന്ധതിരാകാറുണ്ടെന്ന് കാൽറാ ആശുപത്രിയിലെ ജീവനക്കാർ ദ ഇന്ത്യൻ എക്സ്പ്രസിനോട് വെളിപ്പെടുത്തി.
' ഡോക്ടർമാർക്ക് പുതിയ പിപി.ഇ കിറ്റുകൾ നൽകുമ്പോൾ നേഴ്സ്മാരോട് ഉപയോഗിച്ച പി.പി.ഇ കിറ്റുകൾ വീണ്ടും വീണ്ടും ഉപയോഗിക്കാൻ പറയാറുണ്ട്. ഞങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചാൽ ഇത് കോവിഡ് ആശുപത്രി അല്ലാത്തതിനാൽ അപകടസാധ്യ ഇല്ലെന്നും പറഞ്ഞ് ഉപയോഗിച്ച പി.പി.ഇ കിറ്റ് തന്നെ വീണ്ടും ഉപയോഗിക്കാൻ പറയും,' കാൽറ ആശുപത്രിയിലെ ഒരു മുതിർന്ന നേഴ്സ് പറഞ്ഞു. എന്നാൽ ആശുപത്രി ഉടമ ഡോ. ആർ.എൻ കാൽറ ആരോപണങ്ങൾ നിഷേധിച്ചു. എല്ലാവർക്കും ആവശ്യത്തിന് പി.പി.ഇ കിറ്റുകൾ നൽകാറുണ്ടെന്നും ഇത് സംബന്ധിച്ച് ജീവനക്കാരിൽ നിന്ന് തനിക്ക് പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും കാൽറാ പറഞ്ഞു.
അതേസമയം ആശുപത്രിയിലെ അവസാന ദിവസം അംബിക നേഴ്സിംഗ് ഇൻ ചാർജിലുള്ള ആളുമായി പുതിയ പി.പി.ഇ കിറ്റുകളും മാസ്കും കിട്ടാത്തതിനെച്ചൊല്ലി തർക്കമുണ്ടായിട്ടുണ്ടെന്ന് അംബികയുമായി അടുത്ത ബന്ധമുള്ള ഒരു നേഴ്സ് പറഞ്ഞു. അംബികയുടെ കൂടെ ഐ.സി.യുവിൽ ജോലിചെയ്യുന്ന മറ്റൊരു നേഴ്സും ഇത് ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്.
ഞായറാഴ്ചയാണ് കോവിഡ് പരിശോധന ഫലം പോസീറ്റീവായിരുന്ന അംബികയെ ഐസിയുവിലേക്ക് മാറ്റിയത്. കോവിഡ് ബാധിച്ച് ദൽഹിയിൽ മരിക്കുന്ന ആദ്യ നഴ്സാണ് അംബിക എന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പറഞ്ഞു. ഭർത്താവ് സുനിൽ കുമാർ മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. മകൻ അഖിൽ കേരളത്തിലാണ്. മകൾ ഭാഗ്യമോൾ അമ്മയോടൊപ്പം ദൽഹിയിലായിരുന്നു.
മേയ് 22ന് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അംബികയെ ഞായറാഴ്ചയാണ് ഐസിയുവിലേക്ക് മാറ്റിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുറച്ചു മണിക്കൂറുകൾ ജീവൻ പിടിച്ചു നിർത്തിയിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. അന്നു തന്നെ ഉച്ചയ്ക്ക് ശേഷം അംബിക മരിക്കുകയും ചെയ്തു.