മുംബൈ- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ സംബന്ധിച്ച് ശിവസേനയും എൻ.സി.പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായെന്ന വാർത്തകൾക്കിടയിൽ ഉദ്ധവ് താക്കറെയും എൻ.സി.പി നേതാവ് ശരദ് പവാറും ചർച്ച നടത്തി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മാതോശ്രീയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ലോക്ഡൗൺ ഘട്ടംഘട്ടമായി ഒഴിവാക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നുമാണ് ശരദ് പവാർ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നു എന്നായിരുന്നു റിപ്പോർട്ട്. അതേസമയം, കക്ഷികൾക്കിടയിൽ ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും നിലനിൽക്കുന്നില്ലെന്നും സർക്കാർ ശക്തമായി മുന്നോട്ടുപോകുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇരുനേതാക്കളും തമ്മിൽ ഒന്നര മണിക്കൂറോളം കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും ആരെങ്കിലും സർക്കാറിന്റെ കെട്ടുറപ്പിനെ പറ്റി സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അസംബന്ധമാണെന്നും റാവത്ത് ട്വീറ്റ് ചെയ്തു. ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തുന്നതിന് മുമ്പ് ശരദ് പവാറും എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലും ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി ചർച്ച നടത്തിയിരുന്നു. ഗവർണർ നടത്തിയ ചായ സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നുവെന്ന പ്രഫുൽ പട്ടേൽ പറഞ്ഞു.