Sorry, you need to enable JavaScript to visit this website.

കള്ളം പിടികൂടിയതോടെ വീഡിയോ നീക്കി; എന്നിട്ടും അർണബിന് രക്ഷയില്ല, വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് മുൻ സഹപ്രവർത്തകൻ

ന്യൂദൽഹി- പച്ചക്കള്ളം പറഞ്ഞ വീഡിയോ യു ട്യൂബിൽനിന്ന് ഡിലീറ്റ് ചെയ്തിട്ടും മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിക്ക് രക്ഷയില്ല. ഗുജറാത്ത് കലാപകാലത്ത് തന്റെ കാർ ആക്രമിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ടുള്ള വീഡിയോയാണ് അർണബ് സോഷ്യൽ മീഡിയയിൽനിന്ന് ഡിലീറ്റ് ചെയ്തത്. അർണബിന്റെ നുണ രാജ്ദീപ് സർദേശായി ഉടൻ പൊളിച്ചടുക്കുകയും ചെയ്തു.  
ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്യാൻ അർണബ് വന്നിട്ടില്ലെന്നായിരുന്നു രാജ്ദീപിന്റെ ട്വീറ്റ്. ഇതിന്റെ തെളിവും രാജ്ദീപ് പുറത്തുവിട്ടു. അർണബിന്റെ പച്ചക്കള്ളം പുറംലോകമറിഞ്ഞതോടെ ആ വീഡിയോ യു ട്യൂബിൽനിന്ന് അർണബ് ഗോസാമി ഡിലീറ്റ് ചെയ്തു. എന്നാൽ മിനിറ്റുകൾക്കകം അർണബിന്റെ മുൻ സഹപ്രവർത്തകൻ ഹെക്ടർ കെന്നേത്ത് പ്രസ്തുത വീഡിയോ വീണ്ടും അപ്‌ലോഡ് ചെയ്തു.

ട്വിറ്ററിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നേരത്തെ കാണാത്തവർക്കായി വീണ്ടും എന്ന വാചകത്തോടെയാണ് ഹെക്ടർ വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് വീഡിയോ വീണ്ടും റീ ട്വീറ്റ് ചെയ്തത്. ടൈംസ് നൗ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് രാഹുൽ ശിവശങ്കറടക്കമുള്ള പ്രമുഖർ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

2002 ഗുജറാത്ത് കലാപം എൻ.ഡി.ടി.വിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്ത് വെച്ച് താൻ ആക്രമിക്കപ്പെട്ടുവെന്നായിരുന്നു അർണബ് ഗോസ്വാമിയുടെ അവകാശവാദം. ഇതിനെതിരെ ഏതാനും നിമിഷത്തിനകം തന്നെ രാജ്ദീപ് സർദേശായി രംഗത്തെത്തി. ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം വെച്ച് തന്റെ കാർ ആക്രമിക്കപ്പെട്ടുവെന്ന് എന്റെ സുഹൃത്ത് അർണബ് ഗോ സ്വാമി അവകാശപ്പെടുന്നു.

എന്നാൽ, കലാപം റിപ്പോർട്ട് ചെയ്യാൻ അർണബ് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. സർദേശായി ട്വീറ്റ് ചെയ്തു. താൻ പറഞ്ഞത് കളളമാണെങ്കിൽ പത്രപ്രവർത്തനം അവസാനിപ്പിക്കാമെന്നും രാജ്ദീപ് സർദേശായി അർണബിനെ വെല്ലുവിളിച്ചിരുന്നു. ആളാവാന്‍ ശ്രമിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും എന്നാൽ ഇത് എല്ലാ പരിധിയും ലംഘിക്കുകയാണെന്നും എന്റെ ജോലിയോട് ക്ഷമ ചോദിക്കുന്നുവെന്നും രാജ്ദീപ് അഭിപ്രായപ്പെട്ടിരുന്നു. നാണം കെട്ടതോടെയാണ് വീഡിയോ അർണബ് സോഷ്യൽ മീഡിയയിൽനിന്ന് മുക്കിയത്. അർണബിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

Latest News