Sorry, you need to enable JavaScript to visit this website.

ശ്രീലങ്കൻ കുരുമുളക് ഇറക്കുമതിക്ക് നീക്കം;  ഉൽപാദകർ പ്രതിസന്ധിയിൽ

ശ്രീലങ്കയിൽ കുരുമുളക് വിളവെടുപ്പ് തുടങ്ങിയതോടെ ഇറക്കുമതി നീക്കവുമായി ഇന്ത്യൻ വ്യവസായികൾ രംഗത്തു വന്നത് ഉൽപാദകരെ പ്രതിസന്ധിയിലാക്കി. ശ്രീലങ്കൻ കുരുമുളക് വിൽപനയ്ക്ക് സജ്ജമായതോടെ ഹൈറേഞ്ചിലെയും വയനാട്ടിലെയും കർഷകർ ആശങ്കയിലാണ്. കൊളംബോയിലെ മികച്ച കാലാവസ്ഥ അവിടെ കുരുമുളക് ഉൽപാദനം ഉയരാൻ ഇടയാക്കി. അയൽ രാജ്യത്തുനിന്ന് അനിയന്ത്രിതമായ തോതിലുള്ള മുളക് ഇറക്കുമതിക്ക് കടിഞ്ഞാണിടാൻ നിയമങ്ങൾ കൂടുതൽ കർശനമാക്കിയെങ്കിലും അതല്ലാം കാറ്റിൽ പറത്തി കഴിഞ്ഞ സീസണിലും വ്യവസായികൾ ഇറക്കുമതി നടത്തി. കുരുമുളക് കിലോ 500 രൂപയിൽ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി നിരോധിച്ചിട്ടും പല അവസരത്തിലും കൃത്രിമ രേഖ ചമച്ച് ശ്രീലങ്കൻ ചരക്ക് എത്തിയെന്നത് യാഥാർഥ്യം. ഇതിനിടയിൽ ഇന്തോ ശ്രീലങ്കൻ വാണിജ്യകാരാർ പ്രകാരം പ്രതിവർഷം 2500 ടൺ കുരുമുളക് ഡ്യൂട്ടി ഫ്രീയായി എത്തുമെന്നതും കർഷകരിൽ സമ്മർദം ഉളവാക്കുന്നു. ഉത്തരേന്ത്യയിൽ ശ്രീലങ്കൻ ചരക്കും ആധിപത്യം ഉറപ്പിക്കും. വിയറ്റ്‌നാം, ഇന്തോനേഷ്യൻ മുളകും ഇത്തരത്തിൽ വൻതോതിൽ ഇറക്കുമതി നടത്തുന്നുണ്ട്. ബംഗളാദേശ് അതിർത്തി വഴിയാണ് മുളക് എത്തുന്നത്. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 200 രൂപ കറുഞ്ഞ് 30,500 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 4500 ഡോളറാണ്. ഇതര ഉൽപാദന രാജ്യങ്ങൾ പലതും പെരുന്നാൾ ആലോഷങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചതിനാൽ പുതിയ ക്വട്ടേഷൻ ഇറക്കിയില്ല.


നാളികേര കർഷകർ മഴക്കാലത്തെ ഉയർന്ന വില മുന്നിൽ കണ്ട് ഉണക്ക് കൂടിയ കൊപ്ര സംഭരിച്ചു. മികച്ച ചരക്കായതിനാൽ കൊപ്രയാട്ട് വ്യവസായികളും ഇത്തരം ചരക്കിൽ താൽപര്യം കാണിക്കും. എന്നാൽ എതാനും മാസങ്ങളായി ക്വിൻറ്റലിന് 10,000 രൂപയ്ക്ക് മുകളിൽ നീങ്ങിയ കൊപ്ര ശനിയാഴ്ച്ച 9880 ലേയ്ക്ക് ഇടിഞ്ഞത് സ്റ്റോക്കിസ്റ്റുകളെ പിരിമുറുക്കത്തിലാക്കി. തമിഴ്‌നാട്ടിൽ വിളവെടുപ്പ് പുരോഗമിച്ചതോടെ  പൊള്ളാച്ചി, പഴനി, കോയമ്പത്തുർ വിപണികളിലും പച്ചത്തേങ്ങ ലഭ്യത ഉയർന്നു. അവിടെ കൊപ്ര 9200 രൂപയിലാണ്. വ്യവസായികളുടെ പിൻതുണ വിപണിക്ക് ഉറപ്പ് വരുത്താനായില്ലെങ്കിൽ വിലയിൽ ചാഞ്ചാട്ടം തുടരാം. കൊച്ചിയിൽ വെളിച്ചെണ്ണ 14,700 രൂപ. 
ഏലക്കയിൽ ഇടപാടുകൾ എത്രയും വേഗതത്തിൽ പുനരാരംഭിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഗൾഫ് മേഖലയിൽ നിന്നുള്ള പെരുന്നാൾ ഓർഡറുകൾ നഷ്ടമായെങ്കിലും ദീപാവലി, ദസറ, ക്രിസ്തുമസ്, ന്യൂ ഇയർ കാലയളവിലേയ്ക്കുള്ള ആവശ്യങ്ങൾക്ക് ആഭ്യന്തര വിദേശ ഇടപാടുകാർ രംഗത്ത് എത്തും. ജൂണിൽ ഏലക്ക വ്യാപാരം രംഗം സജീവമാക്കും. കാലവർഷം തുടങ്ങുന്നതോടെ ഏലം തോട്ടം മേഖല കൂടുതൽ ശ്രദ്ധേയമാവും. 


റബർ വ്യാപാര രംഗം പ്രതിസന്ധിലാണ്. ഈ വാരം വിപണി സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് ഉൽപാദകർ. ടയർ കമ്പനികൾ വിപണിയിൽ താൽപര്യം കാണിച്ചിട്ടില്ല. താഴ്ന്ന വിലയ്ക്ക് ഷീറ്റ് ലഭ്യമാവുമെന്ന നിലപാടിലാണവർ. പെരുന്നാൾ ആവശ്യങ്ങൾ മുന്നിൽ കണ്ട് മലബാർ മേഖലയിലെ സ്‌റ്റോക്കിസ്റ്റുകൾ ഉൽപന്നം വിൽപന നടത്തി. നാലാം ഗ്രേഡ് 11,400 രൂപയിലാണ്. 
 കേരളത്തിലെ ആഭരണ വിപണികളിൽ പവൻ പുതിയ ഉയരം ദർശിച്ചു. 34,800 രൂപയിൽനിന്ന് സർവകാല റെക്കോർഡായ 35,040 രൂപ വരെ കയറി. ഈ അവസരത്തിൽ ഗ്രാമിന് വില 4380 രൂപയിലെത്തി. റെക്കോർഡ് പ്രകടനത്തിന് ശേഷം പവൻ 34,440 വരെ താഴ്ന്നങ്കിലും ശനിയാഴ്ച്ച 34,800 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1742 ഡോളറിൽ നിന്ന് 1764 ഡോളർ വരെ കയറി. വിലക്കയറ്റം കണ്ട് ഫണ്ടുകൾ വാരത്തിന്റെ ആദ്യ പകുതിയിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ സ്വർണ വില 1729 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 1734 ഡോളറിലാണ്.


 

Latest News