ധന നയ കമ്മിറ്റി (എം.പി.സി) യോഗത്തിനു തെരഞ്ഞെടുത്ത സമയം അത്ഭുതപ്പെടുത്തിയെങ്കിലും റിസർവ് ബാങ്ക് ഗവർണർ നടത്തിയ പ്രഖ്യാപനങ്ങൾ ഏറെക്കുറെ പ്രതീക്ഷിതം തന്നെയായിരുന്നു. ജൂൺ 3 മുതൽ അഞ്ചുവരെ നടക്കാനിരുന്ന ധന നയ കമ്മിറ്റി യോഗത്തിൽ പലിശ നിരക്കുകൾ കുറച്ചുകൊണ്ടുള്ള പ്രസ്താവന ഉണ്ടാകുമെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ മെയ് 20 മുതൽ 22 വരെ നടന്ന യോഗത്തിൽ തന്നെ റിപ്പോ നിരക്ക് 40 ബി.പി.എസ് കുറച്ച് 4 ശതമാനമാക്കാൻ തീരുമാനിക്കുകയായിരുന്നു. വിപണിയിലേക്കു കൂടുതൽ പണം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് വീണ്ടും നിരക്കുകൾ കുറച്ചത്. നിരക്കുകൾ കുറച്ചതിനുപുറമേ 8.04 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന നടപടികളും ആർ.ബി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോഴത്തെ പ്രശ്‌നം പണമല്ല, അപകട സാധ്യതയെക്കുറിച്ചുള്ള അറിവാണ്. ബാങ്കിംഗ് മേഖലയിൽ ആവശ്യത്തിനു പണമുണ്ട്, റിസ്‌കെടുക്കാനുള്ള ബാങ്കുകളുടെ വൈമുഖ്യം തടസ്സമായി നിൽക്കുന്നു. വായ്പ കൊടുക്കുന്നതിലുള്ള കരുതലിനു ബാങ്കുകളെ മാത്രം കുറ്റം പറയാൻ കഴിയില്ല. സമ്പദ് വ്യവസ്ഥ മുമ്പൊന്നും നേരിട്ടിട്ടില്ലാത്തൊരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വർധിക്കുന്ന കിട്ടാക്കടങ്ങളുടെ മറ്റൊരു പരമ്പര ഒഴിവാക്കാൻ ബാങ്കുകൾ ജാഗ്രത പാലിക്കുകയാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ ജാമ്യ രഹിത വായ്പ എന്ന ധന മന്ത്രിയുടെ പ്രഖ്യാപനം വായ്പകൾക്ക് സർക്കാരിന്റെ പൂർണ ഗാരണ്ടി ഉള്ളതിനാൽ കടം നൽകുന്നത് വർധിപ്പിക്കാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കും. ബാങ്കുകളുടെ ഗ്രൂപ്പ് എക്‌സ്‌പോഷർ പരിധി 25 ൽ നിന്ന് 30 ശതമാനം ആക്കിക്കൊണ്ടുള്ള റിസർവ് ബാങ്കിന്റെ പ്രഖ്യാപനം കോർപറേറ്റുകൾക്ക് ആവശ്യമായ പണം ബാങ്കുകളിൽ നിന്നു ലഭിക്കാൻ സഹായകമാവും. വായ്പകൾ വർധിപ്പിക്കൻ ഈ നടപടികൾ ബാങ്കുകളെ പ്രേരിപ്പിച്ചേക്കും. എന്നാൽ അനിശ്ചിതമായ സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഈ ഉത്തേജകങ്ങൾ കൂടിയ തോതിൽ വായ്പാ വർധന ഉണ്ടാക്കുമോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
വായ്പാ മോറട്ടോറിയം മൂന്നു മാസത്തേക്കു കൂടി നീട്ടിക്കൊണ്ടുള്ളതായിരുന്നു മറ്റൊരു പ്രഖ്യാപനം. മോറട്ടോറിയം പലിശ 2021 സാമ്പത്തിക വർഷത്തേക്കുള്ള ടേം ലോണായി പരിഗണിക്കുമെന്നും ആർ.ബി.ഐ ഗവർണർ പ്രഖ്യാപിക്കുകയുണ്ടായി. ഈ നടപടികൾ വായ്പയെടുത്തവർക്ക് ആശ്വാസദായകമാണെങ്കിലും ബാങ്കുകൾക്ക് അങ്ങിനെയല്ല. അവയുടെ ബാലൻസ് ഷീറ്റിൽ കുടുതൽ സമ്മർദത്തിനു മാത്രമേ ഇതു വഴി വെക്കൂ.
പ്രതീക്ഷിച്ചതുപോലെ ഭക്ഷ്യ വിലക്കയറ്റമായിരിക്കും പ്രധാന വില്ലൻ. അടച്ചിടലും വിതരണ തടസ്സവും കാരണം ഏപ്രിൽ മാസം ഭക്ഷ്യ വിലക്കയറ്റം 8.6 ശതമാനമായി ഉയർന്നു. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ റിസർവ് ബാങ്കിനത് ഇരട്ട ദുരന്തമായിത്തീരും. ഉപഭോക്തൃ വില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റ നിയന്ത്രണ സംവിധാനമാണു പിന്തുടരുന്നത്. അന്ന പാനീയങ്ങൾക്ക് ഉപഭോക്തൃ വില സൂചികയിൽ 45 ശതമാനം പങ്കുണ്ട്. അങ്ങിനെ വരുമ്പോൾ ഭക്ഷ്യ വിലക്കയറ്റം താഴോട്ടു വന്നില്ലെങ്കിൽ റിസർവ് ബാങ്കിനു കൈകാര്യം ചെയ്യേണ്ടി വരിക ഉയർന്ന വില വർധനാ നിരക്കും വേഗം കുറഞ്ഞ വളർച്ചാ നിരക്കുമുള്ള ഒരു സമ്പദ് വ്യവസ്ഥയെ ആയിരിക്കും.
ജി.ഡി.പി വളർച്ചാ നിരക്കിന്റെ ശതമാനം പ്രഖ്യാപിക്കുന്നതിൽനിന്ന് ആർ.ബി.ഐ വിട്ടു നിന്നെങ്കിലും 2021 സാമ്പത്തിക വർഷം പ്രതികൂല വളർച്ചയായിരിക്കുമെന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ജി.ഡി.പിയുടെ പ്രതികൂല വളർച്ചാ നിരക്ക് ധനപരമായി വൻ പ്രത്യാഘാതം ഉണ്ടാക്കും. ധനപരമായ ഉത്തരവാദിത്തവും ബജറ്റ് കൈകാര്യവും സംബന്ധിച്ച എഫ്.ആർ.ബി.എം ആക്ടനുസരിച്ച് ധന കമ്മി ലക്ഷ്യം ജി.ഡി.പിയുടെ നിശ്ചിത ശതമാനമായിരിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ധന കമ്മിയുടെ വ്യാപ്തി കാരണം ഹാരകം കൂടുതലായിരിക്കും.
2021 സാമ്പത്തിക വർഷം പ്രതികൂല വളർച്ച രേഖപ്പെടുത്തിയതിനാൽ ഛേദം കുറവാകും. അങ്ങിനെ വരുമ്പോൾ, ജി.ഡി.പിയുടെ ശതമാനം എന്ന നിലയ്ക്ക് ധന കമ്മി ഉയരും. അത് രണ്ടക്ക സംഖ്യയായിത്തീരാനും സാധ്യതയുണ്ട്.
ഉദാര സമീപനം തുടരുന്നതിലൂടെ ഭാവിയിൽ പലിശ നിരക്കു വീണ്ടും കുറയുമെന്നാണ് ആർ.ബി.ഐ സൂചന നൽകുന്നത്. ബാങ്കിംഗ് മേഖലയിൽ ആവശ്യത്തിന് പണം ഉണ്ടെന്നിരിക്കേ ആർ.ബി.ഐക്ക് നിരക്കിളവിന്റെ അളവു കുറയ്ക്കാമായിരുന്നു. സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കേണ്ടി വരുമ്പോൾ റിസർവ് ബാങ്കിന് അതിനാവശ്യമായ ഉപാധികളുടെ കുറവുണ്ടാകാൻ പാടില്ല. യു.എസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യത്തിനടുത്തെത്തിച്ചപ്പോൾ നിരക്കു നിർണയ സംവിധാനം തന്നെ ഇല്ലാതായി.
സമ്പദ് ഘടനയിൽ അതിന്റെ ഫലപ്രാപ്തി തന്നെ പരിമിതമായിത്തീർന്നു. ഇതര വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾക്കില്ലാത്ത പരിമിതികൾ വൻ തോതിലുള്ള ഉദാരവൽക്കരണം പോലുള്ള പാരമ്പര്യേതരമായ സാമ്പത്തിക നയ ഉപാധികൾ ഉപയോഗിക്കുന്നതിൽ റിസർവ് ബാങ്കിനുണ്ട്. ഈ സാഹചര്യത്തിൽ കൃത്യ സമയത്ത് കൃത്യമായ നയ രൂപീകരണം സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
(സാമ്പത്തിക വിദഗ്ധയാണ് ലേഖിക, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)