ന്യൂദല്‍ഹി- ബോളിവുഡ് നടി മാധുരി ദീക്ഷിത് തനിച്ച് പാടിയ ആദ്യഗാനം കാന്‍ഡില്‍ സമൂഹ മാധ്യമങ്ങളില്‍ റിലീസ് ചെയ്തു. പ്രതീക്ഷയും പ്രചോദനവും സമ്മാനിക്കുന്ന ഗാനം മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി കോവിഡിനെതിരായ മുന്‍നിര പോരാട്ടത്തില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.
മാധുരി ട്രാക്ക് പാടുന്നതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി നിര്‍വഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരേയും കാണിക്കുന്നുണ്ട്. മ്യൂസിക് ആല്‍ബത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളേയും കാണിക്കുന്നു. ആല്‍ബം അവസാനിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരാണ് യഥാര്‍ഥ ഹീറോകളെന്ന് പറഞ്ഞു കൊണ്ട് അവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന സന്ദേശവും.
ഗാനം ഒരുക്കുമ്പോള്‍ തങ്ങള്‍ ആസ്വദിച്ചതുപോലെ നിങ്ങളും ആസ്വദിക്കുമെന്ന് ഉറപ്പാണെന്ന് കാന്‍ഡില്‍-ഹാപ്പി റിലീസ് ചെയ്തുകൊണ്ട് മാധുരി ദീക്ഷിത് പറഞ്ഞു.
കഴിഞ്ഞയാഴ്ച ജന്മദിനത്തില്‍ ആരാധകരോട് പുതിയ സന്തോഷം പങ്കുവെച്ച് മാധുരി തന്റെ പുതിയ സംരംഭമായ ഗാനത്തിന്റെ ടീസര്‍ ഇന്‍സ്റ്റ്ഗ്രമില്‍ പങ്കുവെച്ചിരുന്നു.