ലണ്ടന്‍- മുന്‍ കോടീശ്വരനും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനുമായിരുന്ന അനില്‍ അംബാനി ചൈനീസ് ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പാ ഇനത്തില്‍ 700 മില്യണ്‍ ഡോളര്‍ ഉടന്‍ അടക്കണമെന്ന് യുകെ കോടതി ഉത്തരവിട്ടു. ഏകദേശം 5000 കോടിരൂപയാണ് അദ്ദേഹം ബാങ്കുകള്‍ക്ക് തിരിച്ചുനല്‍കേണ്ടത്. 2012ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ പേരില്‍ എടുത്ത വായ്പക്ക് അനില്‍ അംബാനി വ്യക്തിഗത ഗ്യാരണ്ടിയാണ് നല്‍കിയിരുന്നതെന്ന് ജഡ്ജി നിഗല്‍ ടിയര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
താന്‍ പാപ്പരാണെന്ന് വാദിച്ച അംബാനിക്ക് ഗ്യാരണ്ടി നല്‍കിയതിന് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. 21 ദിവസമാണ് ഇത്രയും തുക അടച്ചുതീര്‍ക്കാന്‍ കോടതി അനുവദിച്ചത്. അതേസമയം തന്റെ പേരിലുള്ള നിക്ഷേപങ്ങളുടെ മൂല്യം പൂജ്യമാണെന്ന് അദ്ദേഹം കോടതിയെ കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. തന്റെ പേരില്‍ എന്തെങ്കിലും ആസ്തിയോ സമ്പത്തോ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.