അടൂര്‍- ക്വാറന്റീന് കേന്ദ്രത്തിലുള്ള സുഹൃത്തിന് മധുരപലഹാരമായ ഹല്‍വയില്‍ കഞ്ചാവ് വെച്ച് നല്കിയ സുഹൃത്തിനായി അന്വേഷണം വ്യാപിപ്പിച്ച് പോലിസ്. അടൂര്‍ സര്‍ക്കാര്‍ ബോയ്സ് ഹൈസ്ക്കൂളില്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആനയടി സ്വദേശിയ്ക്കാണ് സുഹൃത്തിന്റെ കഞ്ചാവ് തിരുകിയ ഹല്‍വ ലഭിച്ചത്. മൂന്ന് ദിവസം മുമ്പ് ഹൈദാരാബാദില്‍ നിന്നെത്തിയ ഇയാളെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
എന്നാല്‍ ഇയാള്‍ക്കായി ലഘുഭക്ഷണം നല്‍കാനായി ആനയടി വയ്യാങ്കര സ്വദേശിയായ വിനോദ് എന്ന സുഹൃത്ത് എത്തി. അയാള്‍ ക്വാറന്റൈന് കേന്ദ്രത്തിലെ വളന്റിയര്‍മാരെ സുഹൃത്തിന് നല്‍കാനായി ഹല്‍വ ഏല്‍പ്പിച്ചു. എന്നാല്‍ പെരുമാറ്റത്തില്‍ സംശയം തോന്നിയ വളന്റിയര്‍മാര്‍ ഹല്‍വ പരിശോധിച്ചപ്പോള്‍ കഞ്ചാവ് തിരുകി വെച്ചതായി കണ്ടെത്തി. ഇതേതുടര്‍ന്ന് അടൂര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലിസ് എത്തിയപ്പോഴേക്കും വിനോദ് കടന്നുകളഞ്ഞിരുന്നുവെന്നാണ് വിവരം.ഇയാള്‍ക്കായി പോലിസ് അന്വേഷണം തുടങ്ങി.