ന്യൂദൽഹി- കോവിഡ് ലോക് ഡൗണിനിടെ ആഭ്യന്തര വിമാന സർവീസ് തുടങ്ങാനുള്ള തീരുമാനം മാറ്റില്ലെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളുടെ നിർദ്ദേശം പരിഗണിച്ചുമാത്രമേ വിമാന സർവീസ് ആരംഭിക്കാവൂ എന്ന നിർദ്ദേശവും കേന്ദ്രം തള്ളി. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ വിമാന സർവീസ് വ്യാപനം കൂട്ടിയേക്കാമെന്ന ആശങ്ക പങ്കുവെച്ചിരുന്നു. കോവിഡ് രോഗം അതിഗുരുതരമായി പടർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. എന്നാൽ സർവ്വീസ് തുടങ്ങുമ്പോൾ ചില സംസ്ഥാനങ്ങളെ മാത്രം മാറ്റി നിർത്താൻ പറ്റില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. അതേസമയം, വിമാനയാത്രക്കാർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കാനാവില്ലെന്നാണ് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരിയുടെ നിലപാട്.