ലക്‌നൗ- യു.പിയിൽ പതിനാറ് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പത്തുദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്യുകയും മതംമാറ്റത്തിന് നിർബന്ധിക്കുകയും ചെയ്തതായി പരാതി. കുട്ടിയെ നിർബന്ധിച്ച് ഇറച്ചി തീറ്റിച്ചതായും പരാതിയിലുണ്ട്. അക്രം, അസ്‌ലം, അയ്യൂബ്, സാലിം എന്നീ യുവാക്കളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തത്.
തന്റെ അച്ഛന്റെ സഹോദരനെ സന്ദർശിക്കാനായി മുസഫർ നഗറിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെയാണ് അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. ഗ്രാമത്തിലെ ബസ് സറ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെ കാറിലെത്തിയ യുവാക്കൾ പെൺകുട്ടിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. യുവാക്കളിൽ ചിലരെ പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു.
കാറിൽ കയറിയ ഉടൻ പെൺകുട്ടിയുടെ നേരെ തോക്ക് ചൂണ്ടുകയും കണ്ണുകൾ മൂടിക്കെട്ടുകയും ചെയ്തു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയ സംഘം പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പത്തുദിവസത്തോളം തടവിൽ പാർപ്പിച്ച പെൺകുട്ടിയെ സംഘം ഇറച്ചി തീറ്റിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ പതിനാറിനാണ് പെൺകുട്ടിയെ സംഘം ഗംഗ കനാലിന് സമീപമുള്ള പാലത്തിൽ ഇറക്കിവിട്ടത്. പോലീസിനെ അറിയിച്ചാൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പോസ്‌കോ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. അക്രമികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തി.