മുംബൈ- രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രി മോഡിക്കും സംഘത്തിനും ഇപ്പോള്‍ തനിച്ച് സാധിക്കില്ലെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍.പ്രതിപക്ഷ നിരയിലുള്ളവരുടെ സഹായം കേന്ദ്രസര്‍ക്കാര്‍ തേടേണ്ടതാണ്.
കഴിവുള്ളവര്‍ക്ക് രാജ്യത്ത് ക്ഷാമമില്ല.മുഴുവന്‍ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിന് ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് കഴിവുള്ള ആളുകളെ പുറത്ത് നി്‌നന് കൊണ്ടുവരികയാണ് വേണ്ടത്. ബിജെപിയില്‍ തന്നെ പ്രാഗല്‍ഭ്യം തെളിയിച്ച മുന്‍ ധനമന്ത്രിമാരുണ്ടെന്നും രഘുറാം രാജന്‍ പറഞ്ഞു. ' ദ വയര്‍' ന് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യം പറഞ്ഞത്.
കൊറോണ ബാധിച്ച സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യയുടെ ഇരുപത് ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് അപര്യാപ്തമാണ്. പാക്കേജില്‍ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കുന്നുണ്ട്. പക്ഷെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലിയില്ല. അവര്‍ക്ക് പാലും പച്ചക്കറികളും പാചക എണ്ണ വാങ്ങാനും വാടക നല്‍കാനുമൊക്കെ പണമാണ് ആവശ്യം. ലോകം വലിയൊരു സാമ്പത്തിക അടിയന്തിരാവസ്ഥയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തുള്ള പ്രതിഭകളുമായി സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ട്. ഈ ദുരന്തത്തെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ കൊണ്ട് മാത്രം സാധിക്കില്ല. രാജ്യത്തെ മികച്ച പ്രതിഭകളുമായി സര്‍ക്കാര്‍ കാര്യങ്ങള്‍ ആലോചിക്കണം. രാഷ്ട്രീയ ഇടനാഴിയില്‍ ആരാണ് ഉള്ളതെന്ന് ആകുലപ്പെടേണ്ടതില്ല. ഇന്ത്യയുടെ സാമ്പത്തിക സാധ്യതകള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.കൊറോണയും ലോക്ക്ഡൗണും വരുത്തി വെച്ച നാശനഷ്ടങ്ങള്‍ മാത്രമല്ല മൂന്ന്,നാല് വര്‍ഷം മുമ്പുള്ള സാമ്പത്തിക തകര്‍ച്ച പരിഹരിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. തകര്‍ച്ചയുടെ ഉത്തരവാദിത്തം അംഗീകരിക്കാത്ത സര്‍ക്കാരിന് ഇതിനോട് യുദ്ധം ചെയ്യാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഇത് നേരിടാന്‍ ശേഷിയുള്ള ഒരുപാട് പ്രതിഭകള്‍ രാജ്യത്തില്‍ തന്നെയുണ്ട്. സര്‍ക്കാര്‍ അവരെ പരിഗണിക്കുകയാണ് വേണ്ടതെന്നും രഘുറാം രാജന്‍ പറഞ്ഞു.