Sorry, you need to enable JavaScript to visit this website.

സീന്യൂസില്‍ കോവിഡ് വ്യാപനത്തിന് കാരണം തൊഴില്‍ ചൂഷണം; അടച്ചുപൂട്ടിയ ചാനലിലെ ജീവനക്കാര്‍ വെളിപ്പെടുത്തുന്നു

ന്യൂദല്‍ഹി: കോവിഡ് കാലത്ത് സുരക്ഷാ മുന്‍കരുതലുകളില്ലാതെ നിര്‍ബന്ധിച്ച് ജോലിചെയ്യിച്ചതാണ് ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് പിടിപെടാന്‍ കാരണമെന്ന് അടച്ചുപൂട്ടിയ സീന്യൂസ് ചാനലിലെ തൊഴിലാളികളുടെ വെളിപ്പെടുത്തല്‍. ദല്‍ഹി സീന്യൂസ് സ്റ്റുഡിയോയില്‍ ജോലിചെയ്യുന്ന 29 പേര്‍ക്കാണ് ആദ്യഘട്ടം കോവിഡ് സ്ഥിരീകരിച്ചതെങ്കിലും ഇന്ന് അത് 66 ആയിട്ടുണ്ട്. മിക്ക ചാനലുകളും വാര്‍ത്താ മാധ്യമങ്ങളും അവശ്യം സ്റ്റാഫുകള്‍ ഒഴികെ എല്ലാവര്‍ക്കും വീട്ടിലിരുന്ന് ജോലി തുടരാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും  മുഴുവന്‍ ജോലിക്കരോടും നിര്‍ബന്ധമായും ഓഫിസിലെത്താനാണ് സീന്യൂസ് മേധാവി സുധീർ ചൗധരി ആവശ്യപ്പെട്ടത്. മെയ് 15ന് ആദ്യജീവനക്കാരന് കോവിഡ് ബാധ കണ്ടെത്തിയപ്പോഴും സ്വന്തം ഷോ തുടരാന്‍ തന്നെയായിരുന്നു ചൗധരിയുടെ തീരുമാനം.

മെയ് 15ന് വൈകിട്ട് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ ബദല്‍ സൗകര്യത്തില്‍ 'ഷോ തുടരണം' എന്നാണ് അദ്ദേഹം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള പ്രൈം ടൈം ഷോവിലും 'താനും സഹപ്രവർത്തകരും  രാജ്യത്തിന്റെ നിത്യസേവനത്തിനായി സ്വയം സമർപ്പിക്കുന്നു'വെന്നായിരുന്നു ചൗധരിയുടെ അവകാശവാദം. ജീവനക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ കോവിഡ് പിടിപെട്ടാലും പ്രേക്ഷകര്‍ക്ക് വാര്‍ത്തകള്‍ എത്തിക്കുമെന്ന് ഷോയില്‍ അദ്ദേഹം പ്രഖ്യാപിച്ചു.

അതേസയം, സഹപ്രവര്‍ത്തകന് കോവിഡ് പിടിപെട്ടിട്ടും അവശ്യ ജീവനക്കാര്‍ ഒഴികെ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറ്റാം എന്ന മുതിര്‍ന്ന ജീവനക്കാരുടെ ആവശ്യവും ചൗധരി ചെവിക്കൊണ്ടില്ല. മെയ് 18ന് ന്യൂസ് റൂമില്‍ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥന്‍ ചാനല്‍ മേധാവിയെ നേരിട്ടുകണ്ടെ ആശങ്കയറിയിച്ചിരുന്നു. ഒന്നിച്ച് ഒരേ ഇടത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിട്ടും കോവിഡ് പിടിപെടുമെന്ന ഭീതിയോടെ അതേ ഇടത്ത് ജോലി തുടരുന്നതിലുള്ള ആശങ്കയാണ് ജീവനക്കാര്‍ ചൗധരിയോട് പങ്കുവച്ചത്. രൂക്ഷമായിട്ടാണ് ചൗധരി ഇതിനോട് പ്രതികരിച്ചത്. 'നാളെ മുതല്‍ ചുമ, പനി തുടങ്ങിയ പരാതികള്‍ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് പനിവന്നാല്‍ മാറും, പക്ഷെ പരാതിപ്പെടുന്നവര്‍ക്ക് ഒരിക്കലും ജോലിയില്‍ തിരിച്ചുകയറേണ്ടിവരില്ല' ചൗധരിയുടെ പ്രതികരണം ചാനലിലെ സീനിയര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്‌ലോണ്ടറി റിപ്പോര്‍ട്ട് ചെയ്യുന്നു.   

വാര്‍ത്തകളില്‍ കടുത്ത 'ദേശീയ വാദം' വിളമ്പുന്ന ചാനല്‍ മേധാവി മുമ്പും ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് ജീവനക്കക്കാര്‍  വിവരിക്കുന്നു. ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇപ്പോൾ ചികിത്സയിലുള്ള രോഗിയോട് ചാനല്‍ അധികൃതര്‍ പെരുമാറിയത് സീ ഹിന്ദുസ്ഥാനിലെ ഒരു മുതിർന്ന പത്രപ്രവർത്തകൻ വ്യക്തമാക്കുന്നത് ഇങ്ങനെ.

“(ആദ്യഘട്ടം) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 28 പേരിൽ ഒരാളുമായി എനിക്ക് സൗഹൃദമുണ്ട്. പ്രായമായ അമ്മയോടൊപ്പം അയാൾ തനിച്ചാണ് താമസം. തനിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്മയെകൂടി പരിശോധന നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം കമ്പനി എച്ച് ആറിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ അത് സ്വന്തം ഉത്തരവാദിത്തത്തില്‍ സ്വയം നിര്‍വഹിക്കണമെന്ന് പറഞ്ഞ് എച്ച്‌ആര്‍ നിഷ്കരുണം കയ്യൊഴിയുകയായിരുന്നു."

കോവിഡ് പിടിപെട്ട ജീവനക്കാരന്‍ തന്റെ പോസിറ്റീവ് പരിശോധന ഫലം ചാനലിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതോടെയാണ് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതമായത്. ശേഷം പരിശോധന നടത്തിയ 50 പേരില്‍ 28* പേര്‍ക്കും രോഗം സ്ഥിരിച്ചു. ജോലിക്കാര്‍ക്ക് കൂട്ടത്തോടെ രോഗം പിടിപെട്ടിട്ടും അവസാന നിമിഷം വരെ ഷോ തുടരണം എന്നായിരുന്നു ചാനല്‍ സി‌ഇഒ പുരുഷോത്തം വൈഷ്ണവിന്റേയും നിലപാട്. ഒടുവില്‍ മെയ് 19 നാണ് ചാനല്‍ അടച്ചുപൂട്ടുന്ന കാര്യം സുധീര്‍ ചൗധരി മാധ്യമങ്ങളെ അറിയിക്കുന്നത്.

ദല്‍ഹി നിസാമുദ്ധീനില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുസ്‌ലിം സമുദായത്തെയാകമാനം പ്രതിക്കൂട്ടില്‍നിര്‍ത്തി തുടരെ തുടരെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ സുധീര്‍ ചൗധരിക്ക്, ഒടുവില്‍ കൊടിയ തൊഴില്‍ ചൂഷണത്തിന്റെ ഫലമായി ജീവനക്കാര്‍ക്ക് മുഴുവന്‍ കോവിഡ് ബാധിച്ചതോടെ ചാനല്‍തന്നെ അടച്ചിടേണ്ടിവരികയായിരുന്നു.

* സീ ന്യൂസിലെ കോവിഡ് ബാധിതര്‍ 66 ല്‍ എത്തിനില്‍ക്കുന്നതായാണ് ഇന്ന് അറിയാന്‍ കഴിഞ്ഞത്

കടപ്പാട്; ന്യൂസ്‌ലോണ്ടറി

Latest News