Sorry, you need to enable JavaScript to visit this website.

ബാർബർ കഴുത്ത് ഞെട്ടിക്കാന്‍ കൊതിയുണ്ടോ? സൂക്ഷിക്കണം

ന്യൂദല്‍ഹി- മുടിവെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറിയാല്‍ ഇപ്പോള്‍ എല്ലായിടത്തും തല മസാജ് ഫ്രീയാണ്. കുറച്ച് സമയം മുടിവെട്ടാന്‍ തല ബാര്‍ബര്‍ക്കു മുമ്പില്‍ വച്ചു കൊടുത്ത മുഷിപ്പു മാറ്റാനാണ് വെറുതെ ഒരു സുഖിപ്പിക്കല്‍ മസാജ്. എന്നാല്‍ വേണ്ടത്ര വൈദഗ്ധ്യമില്ലാതെ ബാര്‍ബര്‍ ഇതു ചെയ്യുന്നത് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് 54-കാരനായ അജയ് കുമാര്‍ എന്ന ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരന്റെ അനുഭവം.

താടിയെല്ലിനു പിടിച്ചു കഴുത്ത് വലത്തോട്ടും ഇടത്തോട്ടും നന്നായൊന്ന് ഞെട്ടിക്കുന്ന ബാര്‍ബറുടെ മസാജ് രീതിയിലൂടെ അജയിന്റെ കഴുത്തിനാണ് ക്ഷതമേറ്റത്. സലൂണില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കുഴപ്പങ്ങളൊന്നുമുണ്ടായില്ലെങ്കിലും പിന്നീട് ശ്വാസതടസ്സം രൂക്ഷമായി വന്നു. അപ്പോഴാണ് ആശുപത്രിയിലെത്തിയത്. ബാര്‍ബറുടെ കഴുത്ത് ഞെട്ടിക്കല്‍ ശ്വാസകോശ നാഡികള്‍ക്ക് പരിക്കേല്‍പ്പിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ശ്വാസകോശത്തെയും ശ്വസനത്തേയും നിയന്ത്രിക്കുന്ന ഫ്രീനിക് നാഡികള്‍ക്കാണ് ക്ഷതമേറ്റത്. അജയ് ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്.

ഇനി വെന്റിലേറ്ററിന്റെ സഹായമില്ലാതെ അജയിന് ശ്വസിക്കാനാവില്ലെന്നാണ് മെഡാന്റ മഡിസിറ്റിയിലെ ഡോക്ടര്‍ ആനന്ദ് ജയ്‌സ്വാള്‍ പറയുന്നത്. ക്ഷതമേറ്റ ഈ നാഡികള്‍ അപൂര്‍വ്വമായെ പൂര്‍വസ്ഥിതിയിലാകൂവെന്നതിനാല്‍ ജീവിതകാലം മുഴുന്‍ ശ്വസന സഹായി ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസ തടസ്സവുമായി ആശുപത്രിയിലെത്തിയ അജയിനെ വിശദമായി പരിശോധിച്ചെങ്കിലും ആദ്യം ഡോക്ടര്‍മാര്‍ക്ക് കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ നാഡീ പരിശോധനയിലാണ് ശ്വസന പ്രക്രിയയിലെ താളംതെറ്റല്‍ കണ്ടെത്തിയത്. ഫ്രീനിക് നാഡികള്‍ക്കേറ്റ് ക്ഷതം കാരണമായിരുന്നു ഇത്. ഒരു മാസം മുമ്പ് സലൂണില്‍ പോയി മുടി വെട്ടിയ ശേഷമാണ് ഇതുണ്ടായതെന്ന് വ്യക്തമായതോടെ ഫ്രീ മസാജാണ് വില്ലനായതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

ഇന്ത്യയില്‍ ബാര്‍ബര്‍ ഷോ്പ്പുകളില്‍ ഈ പ്രവണ വ്യാപകമാണ്. ബാര്‍ബര്‍മാരെ കൊണ്ട് ഈ മസാജ് ചെയ്യിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ മസാജിലൂടെ കഴുത്തിന് അയവും ആശ്വാസവും ലഭിക്കുമെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കുണ്ട്. ഇത് അടിസ്ഥാന രഹിതമാണെന്ന് നിയോ ഹോസ്പിറ്റലിലെ നാഡീ വിദഗ്ധന്‍ ഡോ. സക്കീര്‍ ഹുസൈന്‍ പറയുന്നു. 

 

 

 

 

 

 

 

 

 

Latest News