ഔറംഗാബാദ്- വീട്ടിലെത്താന്‍ നടക്കുന്നതിനിടയില്‍ 40 കാരനായ കര്‍ഷക തൊഴിലാളി ദാഹിച്ചും വിശന്നും മരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഇവിടെനിന്ന് 200 കി.മീ അകലെയുള്ള പൂനെയില്‍ പര്‍ഭാനി ജില്ലയിലുള്ള ഗ്രാമത്തിലേക്കാണ് കര്‍ഷകനായ പിന്റു പവാര്‍ കാല്‍നടയായി തിരിച്ചതെന്ന് അംബോറ പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് ഇന്‍സ്‌പെകടര്‍ ധ്യാനേശ്വര്‍ കുകല്‍റെ പറഞ്ഞു.
തിങ്കളാഴ്ച നടന്ന സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകിയാണ് നടന്നത്. തുടര്‍ച്ചയായി നടന്നതും വിശപ്പും ദാഹവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പര്‍ഭാനയിലെ ധോപ്‌തെ പൊണ്ടുള്‍ ഗ്രാമത്തില്‍ താമസിച്ചിരുന്ന പിന്റു പവാര്‍ കരിമ്പ് മുറിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതോടെ പൂനെയില്‍ സഹോദരന്റെ വീട്ടിലേക്ക് പോയി.
ഈ മാസം എട്ടിനാണ് തിരിച്ച് നാട്ടിലേക്ക് കാല്‍നടയായി പുറപ്പെട്ടത്. 14 ന് അഹ്്മദ് നഗറിലെത്തി. സ്വന്തമായി ഫോണില്ലാത്തതിനാല്‍ ഇവിടെ നിന്ന് ഒരാളുടെ ഫോണില്‍ വീടുമായി ബന്ധപ്പെട്ടിരുന്നു.
അഹ്മദ് നഗറില്‍നിന്ന് 30-35 കിലോമീറ്റര്‍ നടന്ന ധനോറയിലെത്തിയപ്പോള്‍ അവശനാകുകയും ഒരു ഷെഡില്‍ വിശ്രമിക്കുകയും ചെയ്തു. ഇതുവഴി നടന്നു പോയവര്‍ ദുര്‍ഗന്ധത്തെ കുറിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബവുമായി ബന്ധപ്പെട്ടശേഷം ധനോര ഗ്രാമ പഞ്ചായത്ത് അധികൃതരും പോലീസും ചേര്‍ന്ന് മൃതദേഹം ഇവിടെ തന്നെ സംസ്‌കരിച്ചു.