ന്യൂദൽഹി- ജീവനക്കാരിൽ 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സീ ന്യൂസിന്റെ ന്യൂസ് റൂമും സ്റ്റുഡിയോകളും അടച്ചുപൂട്ടി. ഇന്ത്യയിൽ കോവിഡിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിൽ മുൻനിരയിലുണ്ടായിരുന്ന ചാനലാണ് സീ ന്യൂസ്. ആഗോള മഹാമാരി ഞങ്ങളെ വ്യക്തിപരമായി ബാധിച്ചിരിക്കുകയാണെന്ന് സീ ന്യൂസ് പ്രതികരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളുടെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാപനം എന്ന നിലയ്ക്ക് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാ തൊഴിലാളികളുടെയും സമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ പരിശോധനാ ഫലം വന്നപ്പോഴാണ് 28 പേർക്ക് രോഗം ബാധിച്ചെന്ന് വ്യക്തമായത്. അവരിൽ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തവരും അസ്വസ്ഥതകൾ നേരിടാത്തവരുമായിരുന്നു. രോഗനിർണയവും അനുകൂലമായ ഇടപെടലും പെട്ടെന്ന് നടത്തിയതുകൊണ്ടാണ് വ്യാപനം കുറയ്ക്കാൻ കഴിഞ്ഞതെന്നും സീന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധിർ ചൗധരി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോവിഡിന്റെ പേരിൽ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ എഡിറ്റർ സുധീർ ചൗധരി ക്കെതിരെ എ.ഐ.വൈ.എഫ് നൽകിയ പരാതിയിൽ വിദ്വേഷ പ്രചാരണത്തിന് കോഴിക്കോട് പോലീസ് കേസെടുത്തിരുന്നു.