Sorry, you need to enable JavaScript to visit this website.

ആറായിരം റിയാല്‍ ആനുകൂല്യം തട്ടിപ്പാണ്; സൗദിയിലുള്ളവര്‍ ശ്രദ്ധിക്കുക

ജിദ്ദ- കോവിഡ് വ്യാപനം തടയുന്നതിനുള്ള കര്‍ഫ്യൂ കണക്കിലെടുത്ത് വീടുകളില്‍തന്നെ കഴിയുന്നവരുടെ ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ ഉപയോഗം വന്‍തോതില്‍ കൂടിയിട്ടുണ്ട്. ഈ അവസരം മുതലെടുക്കാന്‍ കൂടുതല്‍ തട്ടിപ്പുകാരും രംഗത്തു വന്നതായി സൗദി ബാങ്കുകളും സൈബര്‍ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/05/18/benefit.jpg

സൗദി തൊഴില്‍ മന്ത്രാലയം ആറായിരം റിയാല്‍ ആനുകൂല്യം നല്‍കുന്നുവെന്ന് നിരവധി പേര്‍ക്ക് വാട്‌സാപ്പ്, എസ്.എം.എസ് ലഭിക്കുന്നുണ്ട്. 1990 നും 2020നുമിടയില്‍ സൗദിയില്‍ ജോലി ചെയ്തവര്‍ക്ക്  ആറായിരം റിയാല്‍ വീതം നല്‍കുന്നുവെന്നാണ് സന്ദേശം. ഇത്തരത്തിലുള്ള തട്ടിപ്പുകളുണ്ടെന്ന് ബോധവല്‍കരണം ലഭിച്ചവര്‍ പോലും ബിരിയാണി കിട്ടിയാലോ എന്നാലോചിച്ച് തട്ടിപ്പുകാര്‍ക്ക് തല വെച്ചു കൊടുക്കുന്നുണ്ട്. സൗദിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും വ്യക്തി വിവരങ്ങള്‍ കൈക്കാലാക്കി ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന തട്ടിപ്പു സംഘങ്ങള്‍ പിടിയാലിയിട്ടുണ്ടെങ്കിലും പുതിയ ടീമുകള്‍ രംഗത്തുവരികയും അതേ തട്ടിപ്പുകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കാനാണ് ഇത്തരം സന്ദേശങ്ങളിലൂടെ ശ്രമിക്കുന്നത്. ജോലി, ഷോപ്പിംഗ് എന്നിവക്കു പുറമെ, ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടാനും കര്‍ഫ്യൂ കാലത്ത് ആളുകള്‍ വ്യാപകമായി ഓണ്‍ലൈന്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നത്.  ഉപയോക്താക്കള്‍ക്ക് വലിയ സൗകര്യം നല്‍കുന്നതോടൊപ്പം ഇന്റര്‍നെറ്റ് തട്ടിപ്പുകാര്‍ക്കും ഹാക്കര്‍മാര്‍ക്കും അവസരങ്ങള്‍ തുറന്നുകൊടുക്കുന്നുമുണ്ട്.

കോവിഡ് പശ്ചാത്തലം മുതലെടുത്ത് സൈബര്‍ ക്രമിനലുകള്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ഉപയോക്താക്കളുടെ വ്യക്തിഗത, സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ധിച്ചിരിക്കെ തട്ടിപ്പുകാര്‍ ഡ്യൂപ്ലിക്കേറ്റ് സൈറ്റുകള്‍ ഉണ്ടാക്കി ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ ജീവിതം സുരക്ഷിതമാക്കാന്‍ ഏറ്റവും ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം.
1. ഇ മെയില്‍ അടക്കമുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ശക്തമായ പാസ് വേഡ് നല്‍കണം. 12345 തുടങ്ങി ഹാക്കര്‍മാര്‍ക്കും തട്ടിപ്പുകാര്‍ക്കു ഊഹിക്കാന്‍ കഴിയുന്ന പാസ് വേഡുകള്‍ ഒഴിവാക്കുക.

2. വ്യാജ ആപ്പുകളാല്‍ കബളിപ്പിക്കപ്പെടരുത്. ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുമ്പ് യഥാര്‍ഥ ആപ്പ് തന്നെയാണെന്ന് ഉറപ്പുവരുത്തു. ഒരേ പേരിലും അക്ഷരങ്ങള്‍ തെറ്റിച്ചും ആപ്പുകളും വെബ് സൈറ്റുകളും ലഭ്യമാണ്.

3. നിലവില്‍ സൂം പോലുള്ള ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ സോഷ്യല്‍ മീഡിയ വഴി ലിങ്കുകള്‍ ഷെയര്‍ ചെയ്യരുത്. പാസ്‌വേഡ് നിര്‍ബന്ധമാക്കി സൂം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ക്ഷണിക്കാത്ത അതിഥികള്‍ ഇപ്പോഴും പ്രവേശിക്കുന്നുണ്ട്.

4. ഉപയോഗിക്കുന്ന കംപ്യൂട്ടറിലേയും സ്മാര്‍ട്ട് ഫോണുകളിലേയും സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുക.

5. ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

 

Latest News