ലഖ്നൗ-അന്തര്‍ സംസ്ഥാന തൊഴിലാളികളെ ഉത്തര്‍പ്രദേശിലേക്ക് മടക്കികൊണ്ടുവരാന്‍ ബസുകള്‍ക്ക് അനുമതി നല്‍കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.പി സര്‍ക്കാറിനോടാണ് പ്രിയങ്കഗാന്ധി അനുമതി തേടിയത്. ഗാസിപൂര്‍, നോയ്ഡ അതിര്‍ത്തികളില്‍ നിന്ന് തൊഴിലാളികളെ 1000 ബസുകളില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനുള്ള ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും അനുമതി നല്‍കണമെന്നുമാണ് പ്രിയങ്കയുടെ ആവശ്യം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിലാണ് പ്രിയങ്കഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. ട്രക്കില്‍ യാത്ര ചെയ്ത 24 തൊഴിലാളികള്‍ അപകടത്തില്‍ മരിച്ച സാഹചര്യത്തിലാണ് പ്രിയങ്ക കത്തെഴുതിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉത്തര്‍പ്രദേശ് സ്വദേശികളായ ലക്ഷകണക്കിന് തൊഴിലാളികളാണ് തിരികെ വരാന്‍ ആഗ്രഹിക്കുന്നത്. സുരക്ഷിതമായി വീട്ടിലെത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നിലവില്‍ ലഭ്യമല്ല. സംസ്ഥാന അതിര്‍ത്തിയായ ഗാസിപൂര്‍, നോയ്ഡ എന്നിവിടങ്ങളില്‍ നിന്ന് 500 വീതം ബസുകളില്‍ തൊഴിലാളികളെ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.