മധ്യപ്രദേശില്‍ 69 തബ്‌ലീഗുകാരെ ജയിലിലടച്ചു; കുറ്റം കോവിഡ് വ്യാപനം

ഭോപ്പാല്‍- കൊറോണ വൈറസ് പരത്തിയെന്ന കുറ്റം ചുമത്തി തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട 69 പേരെ മധ്യപ്രദേശില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ഭോപ്പാല്‍ ജില്ലാ കോടതി റിമാന്റ് ചെയ്തവരില്‍ 54 പേര്‍ വിദേശികളാണ്. വൈറസ് പരത്തിയെന്ന കുറ്റത്തിന് രാജ്യത്ത് ജയിലിലടക്കുന്ന ആദ്യ സംഭവമാണിത്.

ജസ്റ്റിസ് സുരേഷ് ശര്‍മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വെള്ളിയാ്ചയാണ് 51 തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. 18 പേരെ മെയ് 14 നും റിമാന്റ് ചെയ്തിരുന്നു. ഇവരുടെ എല്ലാവരുടേയും ജാമ്യാപേക്ഷ കോടതി തള്ളി. 54 വിദേശികള്‍ക്കെതിരെ വിസാ ചട്ടലംഘന കുറ്റവും ചുമത്തിയിട്ടുണ്ട്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത്     ഒരു മാസം ക്വാറന്റൈനില്‍ പാര്‍പ്പിച്ച ശേഷമാണ് ഭോപ്പാല്‍ പോലീസ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.

മധ്യപ്രദേശ് തലസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലാണ് തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നത്. ദല്‍ഹിയിലെ തബ് ലീഗ് മര്‍ക്കസില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം സംസ്ഥാനത്ത് തിരിച്ചെത്തിയ ഇവര്‍ തങ്ങളുടെ യാത്ര മറച്ചുവെച്ചതിനാല്‍ കോവിഡ് പരന്നുവെന്നെ ജില്ലാ പോലീസ് അധികൃതര്‍ പറയുന്നു.

ജയിലിലടക്കപ്പെട്ടെ 54 വിദേശികള്‍ കസഖിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ, മ്യാന്മര്‍, സൗത്ത് ആഫ്രിക്ക്, താന്‍സാനിയ, കാനഡ, ലണ്ടന്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.  ബാക്കി ഇന്ത്യക്കാര്‍ ബീഹാര്‍, മഹാരാഷ്ട്ര, ഹരിയാന, ഭോപ്പാല്‍ സ്വദേശികളാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ക്കെതിരായ കുറ്റപത്രം 60 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ബന്ധപ്പെ പോലീസ് സ്‌റ്റേഷനുകളോട് കോടതി ആവശ്യപ്പെട്ടു. തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരെ വേറെ ചില കേസുകളുമുണ്ടെന്ന് ജില്ലാ പ്രോസിക്യൂഷന്‍ ഓഫീസര്‍ രാജേന്ദ്ര ഉപാധ്യായ പറഞ്ഞു.

 

Latest News