കൊച്ചി- ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിനെതിരെ രംഗത്തുവന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന് മറുപടിയുമായി നിര്‍മാതാവ് വിജയ് ബാബു.
വിജയ് ബാബുവിന്റെയും ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് നഷ്ടമുണ്ടായാല്‍ അത് ലിബര്‍ട്ടി ബഷീര്‍ നികത്തുമോ എന്നാണ് വിജയ് ബാബുവിന്റെ ചോദ്യം.
ഇത് ജയസൂര്യയുടെ തീരുമാനമല്ല എന്റേതാണ്. ഇതിന്റെ ചുവടു പിടിച്ച് ധാരാളം പേര്‍ വരുമെന്ന് ഉറപ്പുണ്ട്.
നിര്‍മ്മാതാക്കള്‍ ഇല്ലാതെ തിയേറ്റര്‍ ഇല്ലല്ലോ. ഇത് എല്ലാവരും ഒത്തുചേര്‍ന്നുള്ള പരിശ്രമമാണ്. തിയേറ്ററില്‍നിന്ന് മാത്രമല്ല സിനിമക്ക് വരുമാനം ഉണ്ടാകുന്നത്. എത്രയോ സിനിമകള്‍ക്ക് തിയേറ്റര്‍ കിട്ടുന്നില്ല. മുടക്കുമുതല്‍ കിട്ടണമെങ്കില്‍ മൂന്നാഴ്ച, നാലാഴ്ച പടം ഓടണം. അത്രയും കാലം ഈ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് അവര്‍ വാക്കു തരുമോ.
ഇതൊരു അതിജീവനമാണ്. ചെറിയ സിനിമകളും മീഡിയം സൈസ് സിനിമകളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഒരുപാട് പേര്‍ ജോലിയില്ലാതെ ഇരിക്കുകയാണ്. ഈ സിനിമ റിലീസ് ആയിക്കഴിഞ്ഞാല്‍ ലോക്ഡൗണ്‍ കഴിയുമ്പോഴേക്കും ഞാന്‍ അടുത്ത ചിത്രത്തിന്റെ തിരക്കുകളിലാകും. അപ്പോള്‍ എത്ര പേര്‍ക്ക് തൊഴില്‍ കിട്ടും. മുടക്കുമുതല്‍ എങ്കിലും തിരിച്ചു കിട്ടിയാല്‍ ഇനി പുതിയ ചിത്രം ചെയ്യാന്‍ കഴിയും- വിജയ് ബാബു ഓര്‍മിപ്പിച്ചു.