കൊച്ചി- ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകാനൊരുങ്ങി ജയസൂര്യയുടെ സൂഫിയും സുജാതയും. കോവിഡ് കാലത്ത് തിയറ്ററുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ പ്രതിസന്ധി നേരിടുന്നതിനായാണ് സൂഫിയും സുജാതയും അടക്കം ഏതാനും ഇന്ത്യന്‍ സിനിമകള്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സിനിമ തീയറ്ററില്‍ എത്തും മുന്‍പ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വിതരണം ചെയ്യുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് 'സൂഫിയും സുജാത'യും നിര്‍മിക്കുന്നത്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. അതിജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഓണ്‍ലൈന്‍ റിലീസിംഗിന് ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു.
ബോളിവുഡില്‍നിന്നു രണ്ട് പ്രധാന സിനിമകളാണ് ആമസോണ്‍ പ്രൈം വഴി റിലീസിനെത്തുന്നത്. അമിതാഭ് ബച്ചന്‍–ആയുഷ്മാന്‍ ഖുറാന ടീമിന്റെ ഗുലാബി സിതാബോ, വിദ്യ ബാലന്‍ നായികയാകുന്ന ശകുന്തള ദേവി. ഈ രണ്ട് സിനിമകളും തിയറ്റര്‍ റിലീസ് നിശ്ചയിച്ചിരുന്ന സിനിമകളാണെന്നതാണ് മറ്റൊരു പ്രധാന കാര്യം. ജൂണ്‍ 12ന് ഗുലാബി സിതാബോ പ്രൈമില്‍ റിലീസ് ചെയ്യും. ശകുന്തള ദേവിയുടെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ല.
തമിഴില്‍ ജ്യോതിക ചിത്രം പൊന്‍മകള്‍ വന്താല്‍ മെയ് 29ന് ആമസോണ്‍ പ്രൈം റിലീസ് ചെയ്യും. കീര്‍ത്തി സുരേഷ് നായികയാകുന്ന പെന്‍ഗ്വിന്‍ എന്ന ചിത്രവും ജൂണ്‍ 19ന് പ്രൈം വഴി റിലീസിനെത്തുന്നുണ്ട്.