ന്യൂദല്‍ഹി-അതിഥി തൊഴിലാളികള്‍ക്ക് ഏതു സംസ്ഥാനത്തുനിന്നും ഭക്ഷ്യധാന്യം വാങ്ങാന്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ഈ മാസം 21നകം ഇതിന്റെ നടപടിക്രമം പൂര്‍ത്തിയാക്കുമെന്നും അവര്‍ വ്യക്തമാക്കി. പൊതുവിതരണ സംവിധാനത്തില്‍ ഉള്‍പ്പെട്ട 23 സംസ്ഥാനങ്ങളിലെ 67 കോടി പേര്‍ക്ക് ഈ സൗകര്യം ലഭിക്കും. ആകെ ഉപഭോക്താക്കളിലെ 83% പേരും ഓഗസ്റ്റിനകം പദ്ധതിയുടെ ഭാഗമാകുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ അതിഥിതൊഴിലാളികള്‍ക്കും 2 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഒരാള്‍ക്ക് അഞ്ച് കിലോഗ്രാം അരി/ഗോതമ്പ്, 1 കിലോഗ്രാം കടല/കുടുംബം എന്ന നിലയിലാണ് ഭക്ഷ്യധാന്യ വിതരണം.ഇതിന്റെ ചെലവ് പൂര്‍ണമായും കേന്ദ്രം വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 3500 കോടി ചെലവഴിച്ച് നടത്തുന്ന പദ്ധതിയിലൂടെ 8 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.