അടിയന്തരമായി രക്തം ആവശ്യമുള്ള സമയത്ത് ദാതാവിനെ എളുപ്പം ലഭ്യമാക്കുന്നതിനായി തയാറാക്കിയ ബ്ലഡ് ലൊക്കേറ്റര്‍ ആപ് പുറത്തിറക്കി. രക്തദാന രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തില്‍ ദാതാക്കളെ കണ്ടെത്തുന്ന ആപ്ലിക്കേഷനാണ് ബ്ലഡ് ലൊക്കേറ്റര്‍ ആപ്. ജി.പി.എസ് അടിസ്ഥാനമാക്കി ആവശ്യക്കാരന് ഏറ്റവും അടുത്തുള്ള വ്യക്തിയില്‍നിന്നു തന്നെ രക്തം കണ്ടെത്താന്‍ സഹായകമാകും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. നിലവില്‍ രക്തദാന രംഗത്ത് സജീവമായ ക്ലബ്ബുകള്‍ക്കും സംഘടനകള്‍ക്കും ആപ്ലിക്കേഷനില്‍ തങ്ങളുടെ കമ്മ്യൂണിറ്റി തുടങ്ങാനും അംഗങ്ങളെ ചേര്‍ക്കാനുമുള്ള സൗകര്യമുണ്ടെന്നതാണ് ബ്ലഡ് ലൊക്കേറ്ററിന്റെ ഏറ്റവും വലിയ ഗുണം.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശികളായ മുഹമ്മദ് അദ്‌നാന്‍, ആസിഫ്, നൗഫല്‍ എന്നീ യുവ സംരംഭകരാണ് ആപ്പ് വികസിപ്പിച്ചത്. കോവിഡ് പ്രൊട്ടോകോള്‍ അനുസരിച്ച് പാണക്കാട്ട് നടന്ന ആപ് ലോഞ്ചിംഗ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നിര്‍വഹിച്ചത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സെക്രട്ടറി മുജീബ് കാടേരി, മലപ്പുറം ജില്ല യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ്, മുഹമ്മദ് അദ്‌നാന്‍ എന്നിവര്‍ സംബന്ധിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കമ്മ്യൂണിറ്റിയും യൂത്ത് ലീഗ് ജില്ലാ മണ്ഡലം കമ്മിറ്റികളും അതത് കമ്മ്യൂണിറ്റികള്‍ രൂപീകരിക്കുകയും അംഗങ്ങളെ ചേര്‍ക്കുകയും ചെയ്യണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. രക്തദാനം വ്യക്തിയുടെ ജീവന്‍ എന്നതിലുപരി സമൂഹത്തിന്റെ തന്നെ മിടിപ്പ് നിലനിര്‍ത്തുന്ന ഒരു സല്‍ക്കര്‍മമാണെന്നതിനാല്‍ ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ എല്ലാ സംഘടനകളും അപ്ലിക്കേഷനില്‍ കമ്മ്യൂണിറ്റികള്‍ തുടങ്ങണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
ബ്ലഡ് ലൊക്കേറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സംഘടനയുടെ വിവരങ്ങള്‍
[email protected] എന്ന ഐ.ഡിയിലേക്ക് മെയില്‍ ചെയ്താല്‍ സംഘടനക്ക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലാണ് അപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഐ.ഒ.എസ് പതിപ്പ് ഉടന്‍ തന്നെ ആപ്‌സ്‌റ്റോറില്‍ ലഭിക്കുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.