കോട്ടയം-സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന സെലിബ്രിറ്റികള്‍ വലിയ തോതില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്. സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്ന ചിലരാണ് ഇതിനു പിന്നില്‍. തനിക്ക് സോഷ്യല്‍ മീഡിയയിലുണ്ടായ മോശം അനുഭവത്തിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി അനുമോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അനുവിന്റെ പ്രതികരണം. തനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു തരുന്നവര്‍ക്കെതിരെയാണ് താരം രംഗത്തെത്തിയത്. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് ഇത്തരക്കാര്‍ അയച്ചത്. ബ്ലോക്ക് ചെയ്ത് മടുത്തെന്നും ഇത് അവസാനിപ്പിക്കണമെന്നും അനുമോള്‍ പറയുന്നു.
അതേസമയം ഒരാളെ കുറിച്ച് അനുമോള്‍ എടുത്തു പറഞ്ഞു. ഒരാള്‍ പല അക്കൗണ്ടുകളില്‍ നിന്നുമായി തന്റെ ലൈംഗിക അവയവത്തിന്റെ വിഡിയോ തനിക്ക് അയക്കുകയാണെന്ന് അനു പറയുന്നു. ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇയാള്‍ കരുതിയിരിക്കുന്നതെന്നും താരം പറയുന്നു. ഇനി ആവര്‍ത്തിക്കുകയാണെങ്കില്‍ ഇയാളെകുറിച്ച് സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും താരം പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ അയക്കുന്നവര്‍ അറിയേണ്ടത് അറപ്പല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല എന്നാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.