മുംബൈ- ലോക്ഡൗൺ കാലത്ത് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് റെക്കോർഡ് നിലയിലെത്തി. മെയ് മൂന്നിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയിലെ തൊഴിലില്ലായമ നിരക്ക് 27.1 ശതമാനമായതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി കണക്കുകൾ വ്യക്തമാക്കുന്നു.
ഏപ്രിലിൽ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 21.1 ശതമാനമായിരുന്നു. ലോക്ഡൗൺ മൂലം തൊഴിൽ സാഹചര്യങ്ങളും അവസരങ്ങളും കുറഞ്ഞതോടെയാണ് തൊഴിലില്ലായ്മ നിരക്ക് വർധിച്ചത്.
മാർച്ചിലെ കണക്കുകൾ പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായിരുന്നു. 11.4 കോടി തൊഴിലുകൾ ഇല്ലാതായെന്നാണ്കണക്കുകൾ വ്യക്തമാക്കുന്നത്. ചെറുകിട കച്ചവടക്കാർ, ദിവസവേതനക്കാർ എന്നിവരാണ് തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും.
സാമ്പത്തിക പ്രവർത്തനത്തിന്റെ മുഖ്യ അളവുകോലായ വ്യാവസായിക ഉത്പാദനം 16.7 ശതമാനം കുറഞ്ഞു. ഗ്രാമീണ മേഖലകളേക്കാൾ നഗരപ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ളത്. ആളുകൾ കൂടുതലുള്ള നഗരമേഖലകളിൽ റെഡ് സോണുകൾ കൂടുതലുള്ളതാണ് ഇതിന് ഒരു കാരണം. 29.22 ശതമാനമാണ് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ . ഗ്രാമങ്ങളിൽ 26 ശതമാനവും.