മുംബൈ-കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗെയിം ഷോ കോന്‍ബനേഗാ ക്രോര്‍പതി(കെ.ബി.സി) യുടെ ഓഡിഷനുകള്‍ ഓണ്‍ലൈനായി നടത്താനൊരുങ്ങി നിര്‍മാതാക്കള്‍. ആദ്യമായിട്ടാണ് സ്‌ക്രീനിങ്ങ് ഉള്‍പ്പെടെ ഓഡിഷന്റെ മുഴുവന്‍ നടപടികളും ഓണ്‍ലൈനായി നടത്തുന്നത്.
മേയ് 10നാണ് കെ.ബി.സിയുടെ 12ാം സീസണിന് വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് അവതാരകനായ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ അറിയിച്ചത്. ഇതിന്റെ ഭാഗമായി ആദ്യ ചോദ്യവും അന്ന് ചോദിച്ചിരുന്നു. ഓണ്‍ലൈനായി നടത്തുന്നുവെന്നത് പരിപാടിയുടെ ബിസിനസ് ഹെഡ്ഡായ അമിത് റൈസിന്‍ഗാനിയും ശരി വെച്ചിട്ടുണ്ട്.
സോണി ലൈവ് വഴിയാവും ഇത് നടത്തുക. ആദ്യ ഘട്ടത്തില്‍ ഒരു ജി.കെ. ടെസ്റ്റും ഒരു വീഡിയോ സബ്മിഷനുമാണ് ഉള്ളത്. അതിന് ശേഷം അഭിമുഖം വീഡിയോ കോളിലൂടെ നടത്തുമെന്നും പരിപാടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പ്രൊമോ ഉള്‍പ്പെടെ കെ.ബി.സിയുമായി ബന്ധപ്പെട്ട ചിത്രീകരണം മുഴുവനും അമിതാഭ് ബച്ചന്‍ വീട്ടില്‍ നിന്ന് തന്നെയാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.