മുംബൈ- ലോക്ഡൗണ്‍ ലംഘിച്ച് കാറില്‍ കയറിയതിന് മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയും സുഹൃത്തും അറസ്റ്റിലായെന്ന വാര്‍ത്ത വന്നിരിന്നു. ഇപ്പോഴിതാ ഈ വാര്‍ത്ത സത്യമല്ലെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് താരമിപ്പോള്‍. കഴിഞ്ഞ ദിവസം വീട്ടിലിരുന്ന് താന്‍ തുടര്‍ച്ചയായി സിനിമകള്‍ കാണുകയായിരുന്നുവെന്നും പുറത്തിറങ്ങിയിട്ടില്ലെന്നുമാണ് പൂനത്തിന്റെ വിശദീകരണം. താനും സുഹൃത്തും വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
പൂനത്തിനെയും സുഹൃത്ത് സാം അഹമ്മദിനെയും അറസ്റ്റ് ചെയ്തുവെന്നും ഇവര്‍ സഞ്ചരിച്ച ബി.എം.ഡബ്ല്യു കാര്‍ പോലീസ് പിടിച്ചെടുത്തു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കുമെതിരെ ഐ.പി.സി സെക്ഷന്‍ 188, 269 തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുപിന്നാലെ പൂനത്തിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ തരംഗമായി. തുടര്‍ന്നാണ് നടി വിശദീകരണവുമായി രംഗത്തെത്തിയത്.