ഹൈദരാബാദ്- വരുന്ന ജൂലൈയോട് തെലങ്കാനയില്‍ കോവിഡ് വാക്സിന്‍ വികസിപ്പിക്കുമെന്ന അവകാശവാദവുമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. തലസ്ഥാനമായ ഹൈദരാബാദിലെ മരുന്നുകമ്പനികളുടെ വാക്‌സിന്‍ നിര്‍മിക്കാനുള്ള ശ്രമം ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ യാഥാര്‍ഥ്യമാകുമെന്നുമാണ് ചന്ദ്രശേഖര റാവു പറയുന്നത്.
തിങ്കളാഴ്ച പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് ചന്ദ്രശേഖര റാവു ഇക്കാര്യം പറഞ്ഞത്. നിര്‍മാണശ്രമങ്ങളില്‍ ഏറെ മുന്നില്‍നില്‍ക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനി വാക്സിന്‍ ഗവേഷണത്തിലെ പുരോഗതി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.
നിരവധി കടമ്പകള്‍ക്ക് ശേഷമാണ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിക്കുന്നത്. മൃഗങ്ങളില്‍ കോവിഡിനെ ചെറുക്കാന്‍ കഴിയുമെന്ന് തെളിഞ്ഞാല്‍ മാത്രമേ ഇതിന് ക്ലിനിക്കല്‍ ട്രെയലിന് അനുമതി ലഭിക്കുകയുള്ളൂ. ഏറ്റവും നിര്‍ണായകമായ ക്ലിനിക്കല്‍ ട്രെയലില്‍ എത്തിനില്‍ക്കുന്ന കാംബ്രിഡ്ജ് സര്‍വകലാശാലയുടെ വാക്സിന്‍ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ മാത്രമേ ലഭ്യമാവുകയുള്ളൂ എന്നാണ് അധികൃതര്‍ അറിയിച്ചത്. ഏപ്രിലില്‍ മനുഷ്യരില്‍ പരിക്ഷണം തുടങ്ങിയ വാക്സിന്റെ വിജയ സാധ്യത 80 ശതമാനം മാത്രമാണെന്നാണ് ഗവേഷകര്‍പോലും അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഒന്നര മാസത്തിനകം വാക്സിന്‍ യാഥാര്‍ത്ഥ്യമാവുമെന്ന അവകാശപ്പെട്ട് ഒരു സംസ്ഥാന മുഖ്യമന്ത്രി രംഗത്ത് എത്തുന്നത്.