ലക്‌നൗ- കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ പുതിയ പദ്ധതി വെറും തള്ളല്‍ മാത്രമായി മാറുന്നു. വലിയ തുകകള്‍ ബാധ്യതയുള്ള കര്‍ഷകര്‍ക്ക് യഥാര്‍ത്ഥത്തില്‍ നല്‍കിയ ഇളവുകള്‍ അറിഞ്ഞാല്‍ ആരുടേയും കണ്ണ് തള്ളിപ്പോകും. ഹമിര്‍പൂര്‍ ജില്ലയിലെ ഉമ്രി ഗ്രാമത്തില്‍ നിന്നുള്ള 50,000 രൂപയുടെ കടബാധ്യതയുള്ള മുന്നി ലാല്‍ എന്ന കര്‍ഷകന് സര്‍ക്കാര്‍ പദ്ധതി മുഖേന ലഭിച്ച ഇളവ് വെറും 215.03 രൂപ മാത്രം! ബിജെപി സര്‍ക്കാര്‍ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെ തൊഴില്‍ വകുപ്പ് മന്ത്രി മനോഹര്‍ ലാലില്‍ നിന്ന് വായ്പ എഴുതിത്തള്ളിയ സാക്ഷ്യപത്രം കൈപ്പറ്റിയപ്പോഴാണ് മുന്നി ലാലിന്റെ കണ്ണു തള്ളിയത്.
പാവം കര്‍ഷകന്‍ ഉടന്‍ തന്നെ ബാങ്ക് പാസ് ബുക്ക് എടുത്ത് 50,000 രൂപയുടെ യഥാര്‍ത്ഥ കടബാധ്യത ചൂണ്ടിക്കാട്ടി മന്ത്രിയോട് പരാതിപ്പെട്ടെങ്കിലും വെറും 215.03 രൂപയുടെ സാക്ഷ്യപത്രവുമായി അദ്ദേഹത്തിന് വീട്ടിലേക്കു മടങ്ങേണ്ടി വന്നു. ഇതൊരു ടൈപ്പിംഗ് പിഴവാകാം എന്നു പറഞ്ഞ് മന്ത്രി കൈയ്യൊഴിഞ്ഞെങ്കിലും മുന്നി ലാലിനു മാത്രമല്ല വായ്പയെടുത്ത് കുടുങ്ങിയ മറ്റനേകം കര്‍ഷകര്‍ക്കും ലഭിച്ചിരിക്കുന്നത് വായ്പയുടെ പലിശയ്ക്കു പോലും തികയാത്ത വെറും തുച്ഛം തുകയുടെ ഇളവ് മാത്രമാണ്.
ഇതേ ഗ്രാമത്തില്‍ നിന്നുള്ള മറ്റൊരു കര്‍ഷകയായ ശാന്തിക്ക് ലഭിച്ച സാക്ഷ്യപത്രത്തില്‍ പറയുന്നത് 10.37 രൂപയുടെ വായ്പ എഴുതിത്തള്ളി എന്നാണ്. ഇവിടെ തിങ്കളാഴ്ച സംഘടിപ്പിച്ച പൊതുചടങ്ങളില്‍ വായ്പ എഴുതിത്തള്ളല്‍ സാക്ഷ്യപത്രം കൈപ്പറ്റിയ 45 കര്‍ഷകരില്‍ ഭൂരിപക്ഷം പേരും തങ്ങള്‍ക്ക് തുച്ഛം രൂപയുടെ ഇളവാണ് ലഭിച്ചതെന്ന് പരാതിപ്പെട്ടു.
സംസ്ഥാനത്ത് പലയിടത്തായി അരലക്ഷത്തിലേറെ വായ്പാ ബാധ്യതയുള്ള കര്‍ഷകരുടെ എഴുതിത്തള്ളിതയ കടം വെറും 10, 215, 350, 500 രൂപകളുടേത് മാത്രമെന്ന് അവര്‍ക്ക് ലഭിച്ച സാക്ഷ്യപത്രം പറയുന്നു. 60,000 രൂപയിലേറെ ബാധ്യതയുള്ള യുനസ് ഖാന്റെ എഴുതി തള്ളിയ കടം വെറും 38 രൂപയുടേതാണ്.
വിത്ത്, വളം എന്നിവയ്ക്കായി 93,000 രൂപയുടെ ബാങ്ക് വായ്പയെടുത്ത ശിവപാല്‍ എന്ന കര്‍ഷകന്റെ എഴുതിത്തള്ളിയ കടം 20,271 രൂപ മാത്രമാണ്. ബാറബങ്കി ജില്ലയിലും പല കര്‍ഷകര്‍ക്കും ലഭിച്ചത് 12 രൂപയുടേയും 24 രൂപയുടേയും കടംഎഴുത്തള്ളല്‍ അനുകൂല്യം മാത്രമാണ്.
മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ് ഏറെ കൊട്ടിഘോഷിച്ച് കൊണ്ടു വന്ന പദ്ധതിയാണ് ചെറുകിട, ഇടത്തരം കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍. ഇതിനായി 36,359 കോടി സര്‍ക്കാര്‍ നീക്കിവയ്ക്കുമെന്ന് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.