ന്യൂയോര്‍ക്ക്- മേയ് 10ന് ആചരിക്കുന്ന മാതൃ ദിനത്തിന് മുന്നോടിയായി മുന്നറിയിപ്പുമായി യൂനിസെഫ്. കോവിഡ്19 മഹാമാരിയ്ക്ക് പിന്നാലെ ലോകത്ത് ഉണ്ടാകാന്‍ പോകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമായിരിക്കുമെന്നാണ് യൂനിസെഫിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം തടയുവാനായി ജനങ്ങളെ വീട്ടിലിരുത്തി നടപ്പാക്കിയ ലോക്ക് ഡൗണ്‍ ആണ് ആഗോള തലത്തില്‍ ജനന നിരക്ക് വര്‍ധിക്കാന്‍ കാരണമായി യൂനിസെഫ് ചൂണ്ടിക്കാട്ടുന്നത്. ലോകമെങ്ങും 11.60 കോടി കുഞ്ഞുങ്ങള്‍ പിറക്കുമെന്നാണ് യൂനിസെഫ് പഠനം പറയുന്നത്.
ആഗോളതലത്തില്‍ ജനന നിരക്ക് വര്‍ധിക്കുന്നത് കൂടാതെ, സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും യൂനിസെഫ് പറയുന്നു. ബേബിബൂം മൂലം ആഗോളതലത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വീഴുമെന്നും ഈ സമ്മര്‍ദവും തടസ്സങ്ങളും ഏറ്റവുമധികം ബാധിക്കുക ഗര്‍ഭിണികളേയും കുഞ്ഞുങ്ങളേയുമായിരിക്കുമെന്നും യൂനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ അമ്മമാരും നവജാത ശിശുക്കളും ഹീരസ റീംി, കര്‍ഫ്യൂ, ചികിത്സാ അപര്യാപ്തത തുടങ്ങിയ കടുത്ത യാഥാര്‍ഥ്യങ്ങളെയാണു നേരിടേണ്ടി വരികയെന്നും യുനിസെഫ് വ്യക്തമാക്കുന്നു.
ബേബിബൂം ഏറ്റവുമധികം പ്രകടമാവുക ഇന്ത്യയിലാണ് എന്നാണ് യുനിസെഫ് നല്കുന്ന മുന്നറിയിപ്പ്. കോവിഡ് 19ന് പിന്നാലെ രാജ്യത്തുണ്ടാകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമായിരിക്കുമെന്നും 2 കോടി കുട്ടികള്‍ പിറക്കുന്ന സാഹചര്യമാണ് ഇന്ത്യയിലുണ്ടാകാന്‍ പോകുന്നതെന്നും യൂനിസെഫ് പറയുന്നു. ഇന്ത്യയിലാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കുക. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാക്കിസ്ഥാന് (50 ലക്ഷം), ഇന്തോനേഷ്യ (40 ലക്ഷം), അമേരിക്ക (33 ലക്ഷം) തുടങ്ങിയ രാജ്യങ്ങളാകും ഇന്ത്യയ്ക്കു പിന്നില്‍.