ഗുവാഹതി- സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിന് കാത്ത് നില്‍ക്കാതെ ഒരുകോടി രൂപ ചിലവില്‍ പാലം നിര്‍മിച്ച് അസമിലെ ഗ്രാമവാസികള്‍. കാംറുപ് ജില്ലയിലെ നാഗര്‍ബെര ഗ്രാമവാസികള്‍ ജല്‍ജാലി നദിക്ക് കുറുകേയാണ് സ്വന്തം പണം മാത്രം ചിലവഴിച്ച് മരപ്പാലം നിര്‍മിച്ചത്. പാലത്തിനായി അധികാരികളോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടികളൊന്നും ഇല്ലാതായതോടെയാണ് സ്വന്തം ചിലവില്‍ പാലം നിര്‍മിക്കാന്‍ ഗ്രാമവാസികള്‍ മുന്നിട്ടിറങ്ങിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
മഴക്കാലത്ത് നദി മുറിച്ചുകടക്കാന്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റും ചെറു ബോട്ടുകളെയാണ് ഇവര്‍ ആശ്രയിച്ചിരുന്നത്. നാഗര്‍ബെരയിലെ പത്ത് ഗ്രാമങ്ങളില്‍നിന്നായി ഏഴായിരത്തിലേറെ പേര്‍ ചേര്‍ന്നാണ് പാലം നിര്‍മാണത്തിനുള്ള പണം കണ്ടെത്തിയത്. 2018ലാണ് പാലത്തിനുള്ള നിര്‍മാണം ആരംഭിച്ചത്. ഗ്രാമവാസികളുടെ കൂട്ടായ ശ്രമങ്ങള്‍ക്കൊടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനും സാധിച്ചു. 335 മീറ്റര്‍ നീളമാണ് മരപ്പാലത്തിനുള്ളത്. ഇനിയൊരു കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചു നല്‍കാനാണ് ഗ്രാമവാസികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.