Sorry, you need to enable JavaScript to visit this website.

പെഹ്‌ലു ഖാനെ കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളെ വെറുതെ വിട്ടു; സംഘ പരിവാര്‍ സമ്മര്‍ദ്ദത്തിനു പൊലീസ് വഴങ്ങിയെന്ന് ആരോപണം

ജയ്പൂര്‍- പശുക്കളെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനിലെ അല്‍വാറില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പെഹ്‌ലു ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസിലുള്‍പ്പെട്ട ആറു പ്രതികളെ പോലീസ് വെറുതെ വിട്ടു. ഇവരുടെ പേര് വെളിപ്പെടുത്തിയ പെഹ്‌ലു ഖാന്റെ മരണമൊഴി പോലും പരിഗണിക്കാതെയാണ് പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. ആക്രമിക്കപ്പെടുമ്പോള്‍ പെഹ്‌ലു ഖാന്‍ വിളിച്ചു പറഞ്ഞ പേരുകള്‍ ഈ പ്രതികളുടേതായിരുന്നു. ഇവരെ സംരക്ഷിക്കാന്‍ പോലീസിനു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇവരില്‍ മൂന്ന് പ്രതികള്‍ സംഘ പരിവാര്‍ ബന്ധമുള്ള ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

 

പെഹ്‌ലു ഖാന്‍ കൊല്ലപ്പെട്ട സ്ഥലത്തു നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ഒരു ഗോശാലയിലെ ജീവനക്കാരുടെ മൊഴികളുടേയും മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകളുടേയും അടിസ്ഥാനത്തിലാണ് ഇവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. പ്രതികളായ ഓം യാദവ് (45), ഹുക്കും ചന്ദ് യാദവ് (44), സുധീര്‍ യാദയ് (45), ജഗ്മല്‍ യാദവ് (73), നവീന്‍ ശര്‍മ (48), രാഹുല്‍ സെയ്‌നി (24) എന്നിവര്‍ കൊലപാതകം നടന്ന സമയത്ത് ഗോശാലയില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് പേലീസിനു ലഭിച്ച മൊഴി. കേസില്‍ പ്രിതയായ ജഗ്മല്‍ യാദവാണ് ഈ ഗോശാലയുടെ ഉടമ.

 

'പോലീസുകാര്‍ ഉള്‍പ്പെടെയുള്ള കേസിലെ സാക്ഷിമൊഴികളും ഗോശാലയിലെ ജീവനക്കാരുടെ മൊഴികളും സൂചിപ്പിക്കുന്നത് പെഹ്‌ലു ഖാന്‍ ആക്രമിക്കപ്പെടുമ്പോള്‍ ഈ ആറു പ്രതികള്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ല എന്നാണ്. ഇവരുടെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകളും ടവര്‍ ലോക്കേഷനും വ്യത്യസ്തമായിരുന്നു,' എന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ കുറ്റക്കാരല്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ നിന്നും ഇവരെ നീക്കം ചെയ്യണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കേസില്‍ മറ്റു ഒമ്പതു പേരേയാണ് പ്രതികളായി ചേര്‍ത്തിട്ടുള്ളത്.

 

രാജസ്ഥാന്‍ പൊലീസ് സിഐഡി ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. ഈ ആറു പ്രതികളെ കേസില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് അല്‍വാര്‍ പോലീസിനു കൈമാറിയത് സിഐഡിയാണ്. ഇതോടെ ഈ ആറു പ്രതികളെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് അല്‍വാര്‍ പോലീസ് പ്രഖ്യാപിച്ച 5000 രൂപ പാരിതോഷിക വാഗ്ദാനവും പിന്‍വലിച്ചു.  

 

ഹരിയാന സ്വദേശിയായ പെഹ്‌ലു ഖാനെ ജയ്പൂരിലെ ചന്തയില്‍ നിന്നും കാലികളുമായി സ്വന്തം നാടായ നൂഹിലേക്ക് പോകുന്നവഴി ഏപ്രില്‍ 11-നാണ് ഗോരക്ഷ വേഷം കെട്ടിയെത്തിയ ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. പശുക്കളെ വളര്‍ത്തി ഉപജീനം നടത്തിവന്ന പെഹ്‌ലു ഖാന് കാലികളെ കൊണ്ടു പോകാന്‍ ആവശ്യമായ എല്ലാ അനുമതികളും രേഖകളും ഉണ്ടായിരുന്നു.

 

സംഭവത്തില്‍ ഇരയാക്കപ്പെട്ട പെഹ്‌ലു ഖാന്‍ പേരെടുത്തു പറഞ്ഞ കുറ്റക്കാരെ വെറുതെ വിട്ടതില്‍ ഖാന്റെ കുടുംബത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 'ഇപ്പോള്‍ വെറുതെ വിട്ട ആറൂ പേരാണ് ഞങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയത്. ഇവര്‍ പരസ്പരം പേര് വിളിക്കുന്നത് ഞാന്‍ കേട്ടതാണ്. ഹുക്കും, ഇയാളെ വലിച്ച് താഴെയിട്ട് പിക്കപ്പ് അടിച്ചു പൊളിക്കൂവെന്ന് കൂട്ടത്തിലൊരാള്‍ വിളിച്ചു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്,' സംഭവത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട പെഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദ് പറയുന്നു. ഇവരെ രക്ഷിക്കാനുള്ള സമ്മര്‍ദ്ദം കൊണ്ടായിരിക്കും പോലീസ് ഇവരെ വെറുതെ വിട്ടത്. പെഹ്‌ലു ഖാന് നീതി ലഭിക്കുന്നതു വരെ നിയമപോരാട്ടം നടത്തുമെന്നും ഇര്‍ഷാദ് പറഞ്ഞു. 

 

 

 

Latest News