38 തൊഴില്‍നിയമങ്ങള്‍ ഒറ്റയടിക്ക് റദ്ദാക്കി യുപി; കോവിഡിന്റെ മറവില്‍ ബിസിനസ് താല്‍പര്യമെന്ന് കോണ്‍ഗ്രസ്

ന്യൂദൽഹി- കോവിഡ് പ്രതിസന്ധി കടുത്ത തൊഴില്‍ചൂഷണത്തിന് വഴിവെക്കുമെന്ന ആശങ്കകള്‍ക്കിടെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിച്ച് യുപി സര്‍ക്കാര്‍. സംസ്ഥാനത്തെ 38 തൊഴില്‍നിയമങ്ങളാണ് ഒറ്റയടിക്ക് ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മരവിപ്പിച്ചത്. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് നിയമങ്ങള്‍ സസ്പെന്റ് ചെയ്തിരിക്കുന്നത്. പ്രസിഡന്റിന്റെ അനുമതി ലഭിക്കുന്നതോടെ ഓര്‍ഡിനന്‍സ് നിയമമാകും.

കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം, വന്‍കിട ബിസിനസുകാരെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ തൊഴിനിയമങ്ങള്‍ കാറ്റില്‍പറത്തിയതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

തൊഴില്‍ നിയമങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത്. 1936ലെ പെയ്‌മെന്റ് ഓഫ് വേജസ് ആക്ട് സെക്ഷന്‍ 5, 1932ലെ വര്‍ക്ക്‌മെന്‍ കോംപെന്‍സേഷന്‍ ആക്ട്, 1976ലെ ബോണ്ടഡ് ലേബര്‍ സിസ്റ്റം (നിരോധിത)നിയമം എന്നിവയൊഴികെയുള്ള മുഴുവന്‍ നിയമങ്ങളുമാണ് മരവിപ്പിച്ചിരിക്കുന്നത്.

"ഇത് തികച്ചും ഞെട്ടിക്കുന്നതാണ്. ഉത്തർപ്രദേശ് സർക്കാരിന്റെ ഈ നീക്കം 100 വർഷം പിന്നോട്ട് വലിക്കുന്നു. ഇത് തൊഴിലാളികള്‍ അടിമ വേല ചെയ്യുന്ന വസ്ഥയിലേക്ക് കൊണ്ടെത്തിക്കും. മാത്രമല്ല മാനുഷികവും മൗലികവുമായ എല്ലാ അവകാശങ്ങളും ലംഘിക്കുന്നതാണ് ഈ നീക്കം. ഇതിനെ നിയമപരമായി നേരിടണം." സംസ്ഥാനത്തെ തൊഴിൽ നിയമ അഭിഭാഷകനായ രാമപ്രിയ ഗോപാലകൃഷ്ണൻ പ്രതികരിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കപ്പെടുന്ന രണ്ടാമത്തെ സംസ്ഥാനമാണ് യുപി. നേരത്തേ ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശും തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു.

Latest News