ന്യൂദല്‍ഹി- ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയ കേന്ദ്രസര്‍ക്കാരിന് മെയ് 17ന് ശേഷം എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് ധാരണയുണ്ടോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മന്‍മോഹന്‍സിങ്,പി ചിദംബരം എന്നിവര്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് സോണിയാ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തിയത്.
ലോക്ക്ഡൗണ്‍ മെയ് 17 വരെ ദീര്‍ഘിച്ച കേന്ദ്രസര്‍ക്കാരിന് അതിന് ശേഷം എന്ത് ചെയ്യണമെന്ന ധാരണയില്ല. യാതൊരു പദ്ധതികളും കേന്ദ്രത്തിന്റെ പക്കലില്ലെന്നും സോണിയ ആരോപിച്ചു. അതേസമയം കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും അടുത്തഘട്ടത്തില്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കൃത്യമായ ധാരണ വേണമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയുടെ ആഘാതം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുകയും പകര്‍ച്ചവ്യാധി തടയാന്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ചും നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ചെറുകിട വ്യവസായ മേഖലകള്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആശ്വാസപാക്കേജുകള്‍ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും പറഞ്ഞു.