സംവിധായകൻ കെ. ബാലചന്ദറിൽനിന്നും പിന്നെ മലയാള സിനിമയിൽനിന്നുമാണ് താൻ അഭിനയം പഠിച്ചതെന്ന് കമൽഹാസൻ. നടൻ വിജയ് സേതുപതിയുമായുള്ള വീഡിയോ ചാറ്റിനിടെയാണ് ഉലഗനായകൻ മലയാള സിനിമയെ പ്രശംസിച്ചത്. വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മലയാളത്തിലെ അഭിനേതാക്കളും തങ്ങളുടെ താരങ്ങൾ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നതു കാണാൻ അവരുടെ ആരാധകരും തൽപരരാണെന്നും കമൽ പറഞ്ഞു.
കമലിന്റെ വ്യത്യസ്തമായ സിനിമകൾ, രാഷ്ട്രീയ പ്രവേശനം എന്നിവയെക്കുറിച്ചെല്ലാം വിജയ് ചോദിച്ചു. രാഷ്ട്രീയ പാർട്ടിക്ക് മക്കൾ നീതി മയ്യം എന്നു പേരിട്ടത് കമ്യൂണിസവുമായി ബന്ധപ്പെടുത്തിയാണെന്നായിരുന്നു കമലിന്റെ ഉത്തരം. കമ്യൂണിറ്റി എന്നാൽ കൂട്ടം എന്നല്ലേ അർഥം. എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു കൂട്ടം. അങ്ങനെയാണ് മക്കൾ നീതി മയ്യം എന്ന പേരിലേക്കെത്തിയത് -കമൽ പറഞ്ഞു.