സാന്ജോണ്സ്- സ്മാര്‍ട്ഫോണുകളുടെ ഭാവി നിര്‍ണയിക്കുന്ന അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി പുതിയ ഐ ഫോണ്‍ ആപ്പ്ള്‍ അവതരിപ്പിച്ചു. കമ്പനിയുടെ പത്താം വാര്‍ഷികത്തില്‍ പുതുതായി നിര്‍മ്മിച്ച വിശാലമായ ആപ്പ്ള്‍ പാര്‍ക്ക് ക്യാമ്പസിലെ സ്റ്റീവ് ജോബ്സ് തിയെറ്ററിലാണ് കമ്പനി മേധാവി ടിം കുക്ക് പുതിയ എഡിഷനുകളായ ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ്, ഐ ഫോണ്‍ X എന്നിവ അവതരിപ്പിച്ചത്. ആപ്പിളിന്റെ വയര്‍ലെസ് ചാര്‍ജിങ് സാങ്കേതിക വിദ്യയും ലോകത്തെ വിസ്മയിപ്പിച്ചു. ഇരട്ട ക്യാമറ, പുതിയ ഡിസ്പ്ലെ തുടങ്ങി ഒട്ടനവധി വിശേഷങ്ങല്‍ വേറെയുമുണ്ട്. സ്മാര്‍ട്ഫോണ്‍ സാങ്കേതികവിദ്യയില്‍ ഇതുവരെ ലോകത്തുണ്ടായ ഏറ്റവും വലിയ ചുവട് വെപ്പ് എന്ന വിശേഷണത്തോടെയാണ് ആപ്പിളിന്റെ പത്താം വര്ഷികോപഹാരമായ ഐ ഫോണ്‍ ടെന്‍ വരുന്നത്. ഏറ്റവും വിലയേറിയ ഐ ഫോണും ഇതു തന്നെ. 999 ഡോളര്‍.
ഇരുവശങ്ങളിലും ഗ്ലാസ് ഡിസൈനുമായാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവയുടെ വരവ്. യഥാക്രമം 4.7, 5.50 ഡിസ്പ്ലെയില്‍ വരുന്ന ഇവ സ്പെയ്സ് ഗ്രെ, സില്‍വര്‍, പുതിയ ഗോള്‍ഡ് ഫിനിഷ് എന്നീ നിറങ്ങളിലാണ് വിപണിയിലെത്തുക. 12 മെഗാ പിക്സല്‍ ക്യാമറ, വലുതും വേഗതയേറിയതുമായ 12 മെഗാപിക്സല്‍ സെന്‍സര്‍, ആപ്പഌന്റെ സ്വന്തം ഇമേജ് സിഗ്നല്‍ പ്രൊസസര്‍ എന്നിവയും ഇവയ്ക്ക് കരുത്തേകുന്നു. ഐ ഫോണ്‍ 8-ന്റെ വില 699 ഡോളര്‍.
ഫെയ്സ് ഐഡി
ഡിവൈസ് അണ്‍ലോക്ക് ചെയ്യാന്‍ ഫെയ്സ് ഐഡി എന്ന നൂതന സാങ്കേതികവിദ്യയുമായാണ് ഈ പ്രീമിയം ഫോണിന്റെ വരവ്. സ്ക്രീനിലേക്ക് ഒന്നു നോക്കിയാല്‍ മത്രം മതി. അണ്‍ലോക്കാകും. ആന്‍ഡ്രോയ്ഡ് ഇത് നേരത്തെ അവതിപ്പിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക വിദ്യയില്‍ മികവാണ് ആപ്പ്ള്‍ അവകാശപ്പെടുന്നത്. മികച്ച ഗ്രാഫിക്സും റെസല്യൂഷനുമുള്ള സൂപ്പര്‍ റെറ്റിന ഡിസ്പ്ലേ കാഴ്ചകള്‍ക്ക് പുതിയ മിഴിവ് നല്കുന്നു. ഐ ഫോണ്‍ 7-നെക്കാള്‍ രണ്ടു മണിക്കൂര്‍ അധിക ബാറ്ററി, 12 മെഗാ പിക്സല്‍ ഇരട്ട പിന് ക്യാമറ, ഐഎഎസ് 11, 5.8 ഇഞ്ച് എഡ്ജ് ടു എഡ്ജ് ഡിസ്പ്ലെ എന്നിവയാണ് സവിശേഷതകള്‍. സ്ക്രീന്‍ മുന്വശമൊന്നാകെ പരന്നു കിടക്കുന്നു. ഹോം ബട്ടണ്‍ പൂര്‍ണമായും അപ്രത്യക്ഷമായി. സ്ക്രീനിന്റെ അടിഭാഗത്തു നിന്നും മുകളിലേക്ക് ലളിതമായൊന്ന് സൈ്വപ് ചെയ്താല്‍ ഹോം സക്രീനിലെത്താം.
അനിമോജി
മെസേജിങില്‍ ടെക്സ്റ്റുകളെ അപ്രസക്തമാക്കുന്ന അനിമേഷനും ഇമോജികളും കൂടിച്ചേര്‍ന്ന പുതിയ അനിമോജികളാണ് ഐ ഫോണ്‍ ടെന്നിലെ മറ്റൊരു ഫീച്ചര്‍. ഐ മെസേജില്‍ ഈ അനിമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറാം. പാനലില്‍ അനിമോജി തെരഞ്ഞെടുത്ത ശേഷം നമുക്ക് പറയാനുള്ളത് പറഞ്ഞാല്‍ മുഖഭാവങ്ങളും ശബ്ദവുമടക്കം ഈ അനിമോജികള്‍ പിടിച്ചെടുക്കുകയും അത് ആനിമേഷനായി മാറുകയും ചെയ്യും.
എയര്‍പവര്‍
എയര്‍പവര്‍ എന്ന വയര്‍ലെസ് സാങ്കേതിക വിദ്യയാണ് ഏറ്റവും ആകര്‍ഷകമായ മറ്റൊരു പുതുമ. ഐ ഫോണിനു പുറമെ, ആപ്പ്ള്‍ വാച്ച്, എയര്‍പോഡ്സ് തുടങ്ങി ഒന്നിലേറെ ഡിവൈസുകള്‍ ഈ ചാര്‍ജിങ് മാറ്റിനു മുകളില്‍ വച്ച് ചാര്‍ജ് ചെയ്യാം. പ്രത്യേകമായി കണക്ട് ചെയ്യേണ്ട ആവശ്യമില്ല.