ന്യൂദൽഹി- വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽനടന്ന ചര്‍ച്ചയെ തുടര്‍ന്ന് വിദ്യാർത്ഥി കസ്റ്റഡിയിൽ. ദല്‍ഹിയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ അംഗമായ 'ബോയ്സ് ലോക്കർ റൂം' എന്ന ചാറ്റ് ഗ്രൂപ്പിലാണ് സ്വന്തം ക്ലാസിലെ വിദ്യാര്‍ത്ഥിനികളെ റേപ്പ് ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയത്.
ദല്‍ഹിയിലെ അഞ്ചോളം സ്കൂളുകളിലായി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന 100 ല്‍ അധികം പേരാണ് ചാറ്റ് ഗ്രൂപ്പിലെ അംഗങ്ങള്‍. ഇതില്നടന്ന ചര്‍ച്ചയുടെ സ്ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിച്ചതിനെ തുടര്‍ന്നാണ് ദല്‍ഹി പോലിസിന്റെ സൈബര്‍ സംഘം ചര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുക്കുന്നത്. സൈബർ സെൽ ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. വയലന്‍സുകള്‍ മാത്രം ചര്‍ച്ചചെയ്യപ്പെടുന്ന ഗ്രൂപ്പ് പോലിസ് ഇടപെട്ട് അടച്ചുപൂട്ടി. ചാറ്റില്‍ സജീവമായിരുന്ന 20 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്രൂപ്പിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാന്‍ പോലീസിന്റെ സൈബർ ക്രൈം വിഭാഗം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.