ന്യൂദൽഹി- പ്രവാസികളുടെ മടങ്ങിവരവിൽ ടിക്കറ്റ് നിരക്ക് സൗജന്യമാക്കുകയോ ഏകീകരിക്കുകയോ ചെയ്യണമെന്ന് എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു. തിരികെ വരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായ പ്രവാസികൾ തിരിച്ചുവരാൻ ആഗ്രഹിക്കുമ്പോൾ ചില വിമാനകമ്പനികൾ കൂടുതൽ ഗൾഫ് യാത്രക്കാരുള്ള കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഏറ്റവും ഉയർന്ന നിരക്ക് പ്രസിദ്ധീകരിച്ചതായ് ശ്രദ്ധയിൽപ്പെട്ടു. പ്രവാസികളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിതെന്നും നിരക്ക് സൗജന്യമാക്കുകയോ ഏകീകരിക്കുകയോ ചെയ്യണമെന്നും രാഘവൻ ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ പ്രവാസികളിൽ ഭൂരിഭാഗവും കോഴിക്കോട്, മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരാണ്. ഇത് പരിഗണിച്ച് സൗദിയിൽ നിന്നുള്ള ആദ്യ വിമാനം കോഴിക്കോട് വിമാനത്താവളത്തിലേക്ക് ചാർട്ട് ചെയ്യുവാനും, പ്രവസികളെ തിരികെ കൊണ്ടുവരുന്ന ഫ്ളൈനിരക്ക് പൂർണ്ണമായും സൗജന്യമാക്കുകയും വേണം. ഇതിന് സാധിക്കുന്നില്ലെങ്കിൽ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ന്യായമായതും ഏകീകൃതമായതുമായ നിരക്ക് എന്ന രീതിയിൽ പുതുക്കി പ്രസിദ്ധീകരിക്കുകയോ വേണം. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വ്യോമയാനമന്ത്രിക്കും, വിദേശകാര്യ മന്ത്രിക്കും കത്തയച്ചു.