പെരുന്നാൾ രാവുകൾക്ക് സൗരഭ്യം പകരാൻ ഇന്ത്യൻ ഏലം വീണ്ടും സൗദിയിലേക്ക്. റമദാനിന് മുമ്പേ ഇന്ത്യയിൽ നിന്നുള്ള ഏലക്ക സൗദി അറേബ്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ലോക രാജ്യങ്ങളിൽ ഇന്ത്യൻ ഏലം ഏറെ പ്രസിദ്ധമെങ്കിലും ഉൽപന്നത്തിൽ കീടനാശിനി അംശം കണ്ടെത്തിയതിനെ തുടർന്ന് സൗദി രണ്ട് വർഷം മുമ്പ് ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് നിരന്തര ശ്രമഫലമായി തടസങ്ങൾ മാറ്റിയതിനൊപ്പം കർഷകരെ കൂടുതൽ ബോധവൽകരിച്ച് കീടനാശിനി കലരാത്ത മികച്ചയിനം ഏലക്ക ഉൽപാദിപ്പിക്കാനും ഹൈറേഞ്ച് തയ്യാറായി. പുതിയ സാഹചര്യത്തിൽ ഏലക്ക കയറ്റുമതി വീണ്ടും സജീവമാകും. അതേസമയം കോവിഡ് പ്രശ്‌നത്തെ തുടർന്ന് കേരളത്തിലും തമിഴ്‌നാട്ടിലും നിർത്തിവെച്ച ഏലക്ക ലേലം പുനരാരംഭിച്ചിട്ടില്ല. ലേലം തുടങ്ങിയാൽ വിപണി വീണ്ടും ചൂടുപിടിക്കും. ഓഫ് സീസണായതിനാൽ പുതിയ വിദേശ ഓർഡറുകൾ എത്തുന്നത് ഉൽപാദന മേഖലയിൽ വൻ ആവേശം ഉളവാക്കും. വിഷു, ഈസ്റ്റർ വേളയിൽ തിരിച്ചടിനേരിട്ട ഏലം വിപണിക്ക് റമദാൻ പുതുജീവൻ പകരും.
റബർ വ്യാപാര രംഗത്തെ പ്രതിസന്ധിയിൽ ഉൽപാദന മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിലാക്കി. പലരും കഴിഞ്ഞ സീസണിലെ ചരക്ക് മുഴുവനായി വിറ്റഴിച്ചിട്ടില്ല. റബർ നീക്കം സുഖമമായാൽ വിപണികളിൽ പണ ലഭ്യത ഉയരൂ. കാർഷിക മേഖല മാത്രമല്ല, വ്യവസായിക മേഖലയും സാമ്പത്തിക കുരുക്കിലാണ്. പ്രതിസന്ധികൾക്ക് അയവ് കണ്ട് തുടങ്ങിയാലും വ്യവസായികൾ വില ഉയർത്തി ഷീറ്റ് ശേഖരിക്കാനുള്ള സാധ്യതയില്ല. സംസ്ഥാനത്ത് ടാപ്പിങ് പുനരാരംഭിച്ചാൽ സീസൺ തുടങ്ങിയെന്ന കാരണം ഉന്നയിച്ചും ടയർ ലോബി വിലക്കയറ്റത്തെ പിടിച്ചു നിർത്താം. വേനൽ മഴയുടെ മികവിൽ പല ഭാഗങ്ങളിലും കർഷകർ റബർ ടാപ്പിങിനുള്ള തയ്യാറെടുപ്പിലാണ്. ടോക്കോമിൽ റബർ മെയ് അവധി 139 യെന്നിലാണ്. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 10,629 രൂപയിൽ നിന്ന് 10,483 ലേയ്ക്ക് താഴ്ന്നു.
അതിർത്തി ജില്ലകളിലൂടെ തമിഴ്‌നാട്, കർണാടക വഴി ഉത്തന്ത്യേയിലേയ്ക്കുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ നീക്കം തടസപ്പെട്ടത് വിപണിയെ ആശങ്കയിലാക്കി. ഇതിനിടയിൽ അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളക് വിപണിയിൽ നിന്ന് പിൻവലിഞ്ഞതോടെ അൺ ഗാർബിൾഡ് 31,400 രൂപയിൽ നിന്ന് ശനിയാഴ്ച്ച 31,000 രൂപയായി. രണ്ടാഴ്ച്ചയായി മികവ് കാണിച്ച മുളക് മാർക്കറ്റിന് നേരിട്ട തിരിച്ചടി സ്റ്റോക്കിസ്റ്റുകളിൽ പിരിമുറുക്കമുളവാക്കുന്നു. കുരുമുളക് വിദേശ വ്യാപാര രംഗവും തളർച്ചയിലാണ്. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 4200 ഡോളറാണ്. കോവിഡ് പ്രശ്‌നം ബ്രസീലിനെ അനുദിനം കൂടുതൽ പ്രതിസന്ധിലാക്കിയതോടെ ഒരു വിഭാഗം കയറ്റുമതിക്കാർ മുളക് വില 1700 ഡോളർ വരെ താഴ്ത്തി.
മാസാരംഭ വേളയായതിനാൽ നാളികേരോൽപ്പന്നങ്ങൾക്ക് ഡിമാൻറ് ഉയരുമെന്ന കണക്ക് കൂട്ടലിലാണ് കൊപ്രയാട്ട് വ്യവസായികൾ. വിപണികളിൽ ലഭ്യത നാമമാത്രമായതിനാൽ നിരക്ക് ഉയരുമെന്ന വിശ്വാസത്തിലാണ് കാർഷിക മേഖല. എന്നാൽ രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികൾ കൊപ്ര സംഭരണത്തിന് ഇനിയും തയ്യാറായിട്ടില്ല. തമിഴ്‌നാട്ടിൽ ഈ മാസം വിളവെടുപ്പ് തുടക്കം കുറിക്കുന്നതോടെ ലഭ്യത ഉയരും, ഇത് ഗ്രാമീണ മേഖലകളിൽ സമ്മർദ്ദം ഉളവാക്കാം. കൊച്ചിയിൽ കൊപ്ര വില 10,455-11,100 രൂപയിലും വെളിച്ചെണ്ണ 15,600-17,000 രൂപയിലുമാണ്. ലോക്ഡൗണിന് ശേഷം വിപണികൾ സജീവമായാൽ പ്രാദേശിക തലത്തിൽ എണ്ണ വിൽപനതോത് ഉയരാം.
ജാതിക്ക, ജാതിപത്രി വിലകൾ താഴ്ന്നു. ആഭ്യന്തര വ്യവസായികളും ഔഷധ നിർമാതാക്കളും ചരക്കിൽ താൽപര്യം കുറച്ചത് തിരിച്ചടിയായി. ഈ മാസം പുതിയ ചരക്ക് വരവ് ഉയരുമെന്നാണ് സൂചന. ആലുവ, കാലടി, ഈരാട്ടുപേട്ട തുടങ്ങിയ മാർക്കറ്റുകളിൽ മാസത്തിന്റെ രണ്ടാം പകുതിയിൽ പുതിയ വരവ് പ്രതീക്ഷിക്കുന്നു. ജാതിക്ക തൊണ്ടൻ കിലോ 150-175 രൂപ, തൊണ്ടില്ലാത്തത് 350-380 രൂപ.
കേരളത്തിൽ സ്വർണ വില പവന് സർവകാല റെക്കോർഡായ 34,080 രൂപ വരെ ഉയർന്ന ശേഷം വാരാന്ത്യം 33,680 ലാണ്. മെയ് ഒന്നിന് പവൻ 33,400 വരെ താഴ്ന്നു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1727 ഡോളറിൽ നിന്ന് കാര്യമായി മുന്നേറാനാവാതെ മഞ്ഞലോഹം 1671 വരെ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1702 ഡോളറിലാണ്.