Sorry, you need to enable JavaScript to visit this website.

ചാനലുകളുടെ നടത്തിപ്പില്‍ ആഭ്യന്തര മന്ത്രാലയം പിടിമുറുക്കുന്നു

ന്യൂദല്‍ഹി- രാജ്യത്ത് ടെലിവിഷന്‍ ചാനലുകളുടെ നടത്തിപ്പ് കൂടുതല്‍ സങ്കീര്‍ണമാക്കുന്ന തരത്തില്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുന്നു. സ്വകാര്യ ഉപഗ്രഹ ടി.വി ചാനലുകള്‍ക്കായി ഒമ്പതു വര്‍ഷമായി തുടരുന്ന അപ്‌ലിങ്ക്, ഡൗണ്‍ലിങ്ക് നയത്തിലാണ് മാറ്റം വരുത്തുന്നത്. ഇതു സംബന്ധിച്ച കരട് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ആഭ്യന്തര വകുപ്പിന് ഇടപെട്ട് നേരത്തെ നല്‍കിയ സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിക്കാന്‍ സാധിക്കുമെന്ന് കരടില്‍ വ്യക്തമാക്കുന്നു. സംപ്രേഷണ രംഗത്ത് അതിവേഗമുണ്ടാകുന്ന സാങ്കേതിക മാറ്റങ്ങളും വിപണിയിലെ മാറ്റങ്ങളും കണക്കിലെടുത്താണ് നയങ്ങളില്‍ മാറ്റം വരുത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ടവര്‍ക്ക് അടുത്ത 15 ദിവസം വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
ആഭ്യന്തര മന്ത്രാലയത്തിനു നേരത്തെയും പ്രധാന പങ്ക് വഹിക്കാനുണ്ടായിരുന്നുവെങ്കിലും പുതിയ കരടില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനു കൂടുതല്‍ അവസരമൊരുക്കുന്നുണ്ടെന്ന് ചാനല്‍ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ളതാണ് ആഭ്യന്തര മന്ത്രാലയത്തെ കുറിച്ചുള്ള അധിക പരാമര്‍ശങ്ങള്‍.
11 നിയമലംഘനങ്ങളാണ് പ്രധാനമായും കരട് രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ലംഘനങ്ങളുണ്ടായാല്‍ ആഭ്യന്തര മന്ത്രാലയത്തിന് ഇടപെടാനും ക്ലിയറന്‍സ് പിന്‍വലിക്കാനും കഴിയും. കമ്പനിയുടെ ഷെയറുകളിലുള്ള മാറ്റം അറിയിക്കാതിരിക്കുകയോ വൈകുകയോ ചെയ്യുക, മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഡയരക്ടറെ നിയമിക്കുക, സുരക്ഷാ ക്ലിയറന്‍സ് ലഭിക്കാത്ത ഡയരക്ടറെ മാറ്റാന്‍ തായറാകാതിരിക്കുക, മന്ത്രാലയം അനുവദിക്കാത്ത ഇരട്ട ലോഗോ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവ ലംഘനങ്ങളില്‍ പെടുന്നു. ഈ ലംഘനങ്ങള്‍ക്ക് പിഴ, മുന്നറിയിപ്പ്, 10 ദിവസത്തേക്ക് സംപ്രേഷണം തടയുക, അനുമതി റദ്ദാക്കുക എന്നിവയാണ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്.
ആഭ്യന്തര മന്ത്രാലയത്തില്‍ ക്ലിയറന്‍സ് നേടിയിരിക്കണമെന്ന വ്യവസ്ഥ നേരത്തെയുമുണ്ട്. ഒരിക്കല്‍ അനുമതി ലഭിച്ചാല്‍ 10 വര്‍ഷത്തേക്കാണ് കാലാവധി. എന്നാല്‍ ആഭ്യന്തര മന്ത്രാലയം അനുമതി പിന്‍വലിക്കുന്നതോടെ അപ് ലിങ്കിംഗിനുള്ള അനുവാദം അതോടെ ഇല്ലാതാകമെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
വാര്‍ത്താധിഷ്ഠിതമല്ലാത്ത ചാനലുകള്‍ക്കും തത്സമയ പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കുന്നു എന്നതാണ് പുതിയ കരടില്‍ സ്വാഗതം ചെയ്യപ്പെടുന്ന ഒരു കാര്യം. സ്‌പോര്‍ട്‌സ് ഇനങ്ങളുടെ സംപ്രേഷണത്തിനു 15 ദിവസം മുമ്പ് പ്രത്യേക അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. ഇനിമുതല്‍ ബ്രോഡ്കാസ്റ്റ് സേവ വെബ്‌സൈറ്റില്‍ അഞ്ച് ദിവസം മുമ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം രജിസ്റ്റര്‍ ചെയ്താല്‍ മതി. അതേസമയം, മറ്റു മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണോ എന്ന കാര്യം വ്യക്തമല്ല.

 

Latest News