Sorry, you need to enable JavaScript to visit this website.

സ്വകാര്യ ആശുപത്രികളിലടക്കം മുഴുവന്‍ കോവിഡ്  രോഗികള്‍ക്കും മഹാരാഷ്ട്രയില്‍ സൗജന്യ ചികിത്സ

മുംബൈ-മുഴുവന്‍ കോവിഡ് രോഗികള്‍ക്കും സ്വകാര്യ ആശുപത്രികളിലടക്കം സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാത്മ ജ്യോതിഭ ഫൂലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ എല്ലാ കോവിഡ് രോഗികള്‍ക്കും 100 ശതമാനം സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് പ്രഖ്യാപിച്ചത്. മുഴുവന്‍ കോവിഡ് രോഗികള്‍ക്കും സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും മന്ത്രി രാജേഷ് തോപെ അറിയിച്ചു. നേരത്തെ സംസ്ഥാനത്തെ 85 ശതമാനം ആളുകളെ കോവിഡ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വെള്ള റേഷന്‍ കാര്‍ഡ് ഉടമകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള ബാക്കി 15 ശതമാനത്തെ കൂടി ഇപ്പോള്‍ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തുകയാണെന്നും മന്ത്രി വിശദീകരിച്ചു. കോവിഡ് ചികിത്സയ്‌ക്കെത്തുന്ന രോഗികളില്‍നിന്ന് സ്വകാര്യ ആശുപത്രികള്‍ വലിയ ഫീസ് ഈടാക്കുന്നുവെന്നുള്ള പരാതികള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ മഹാരാഷ്ട്രയിലാണ്. 11,506 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 485 മരണവും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മാത്രം എട്ടായിരത്തോളം രോഗികളാണുള്ളത്. പുണെയിലും താനെയിലും ആയിരത്തിന് മുകളിലാണ് രോഗം പിടിപെട്ടവരുടെ എണ്ണം.

Latest News